കൊച്ചി: പതിനേഴുകാരൻ രാത്രിയിൽ പായിച്ച ബൻസ് കാർ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിൽ പതിനേഴുകാരനെ കാത്തിരിക്കുന്നത് നിരവധി കുരുക്കുകൾ. നരഹത്യക്കേസ്, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചു, റീൽസ് പകർത്താൻ അമിതവേഗത്തിൽ വാഹനമോടിച്ചു, അപകടമുണ്ടാക്കിയിട്ടും നിർത്താതെ പോയി… എന്നിങ്ങനെ നിരവധി വകുപ്പുകളാണ് വിദ്യാർഥിക്കെതിരേ ചുമത്തുന്നത്.
അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിനേഴുകാരൻ തന്നെ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിട്ടുള്ളതിനാൽ അതു പോലീസിനു തെളിവായി മാറുകയും ചെയ്യും.
നിലവിൽ ജാമ്യത്തിലാണെങ്കിലും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ കൂടുതൽ വകുപ്പുകൾ ചുമത്തി ജാമ്യം റദ്ദാക്കാനുള്ള നീക്കം തുടങ്ങി. ഇതിനായി എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. നരഹത്യക്കേസും നൂലാമാലകളും കൂടാതെ ഇയാൾ ലൈസൻസ് എടുക്കുന്നതു തടയാനുള്ള നീക്കം മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസുവരെ ലൈസൻസ് എടുക്കുന്നതു വിലക്കാനാണ് നടപടി.
പതിനേഴുകാരൻ അപകടമുണ്ടാക്കിയ സമയത്ത് മദ്യം ഉപയോഗിച്ചിരുന്നതായി കണ്ടെത്താനായിട്ടില്ല. അതേസമയം, ഇയാളുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മറ്റേതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കാനാണ് രക്തസാമ്പിൾ ശേഖരിച്ചത്. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ ആ വകുപ്പുകൾ കൂടി ചുമത്തും. അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർസി സസ്പെൻഡ് ചെയ്യാൻ തീരുമാനമായിട്ടുണ്ട്.
ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലിസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലിസ് അപേക്ഷ നല്കി.
കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. മകൻ കാറുമായി പുറത്തേക്കു പോയത് താൻ അറിഞ്ഞില്ല എന്നാണ് ജഡ്ജി മൊഴി നൽകിയിരിക്കുന്നത്. തന്റെ അറിവോടെയല്ല മകന് വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
അതേസമയം, പതിനേഴുകാരൻ പലപ്പോഴും ഇങ്ങനെ കാറുമായി കറങ്ങിയിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതു പോലീസിനു തെളിയിക്കാനായാൽ മാതാപിതാക്കൾ കൂടുതൽ വെട്ടിലാകും. പതിനേഴുകാരന് ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ആര്‍സിയും സസ്പെന്‍ഡ് ചെയ്യും.
അച്ഛന് നീതികിട്ടാന്‍ ഏതറ്റംവരെയും പോകും: ഭദ്രകീർത്തി
കൊച്ചി: അച്ഛനു നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണണന്റെ മകള്‍ ഭദ്രകീർത്തി. ഹൈദരാബാദില്‍ വച്ചാണു താൻ വാര്‍ത്ത അറിയുന്നതെന്നും അപ്പോള്‍ മുതല്‍ അച്ഛനു നീതി കിട്ടാനുള്ള നെട്ടോട്ടത്തിലാണെന്നും ഭദ്രകീർത്തി പറഞ്ഞു. 17 വയസുകാരനായ പ്രതി ജഡ്ജിയുടെ മകനായതാണു പ്രശ്നം. അതുകൊണ്ടാണു നടപടി എടുക്കാന്‍ മടിക്കുന്നത്.
ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം നടപടി എടുത്തേനേ. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉള്ളൂ ഇതാണ് പൊലിസുകാര്‍ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടുവെന്നും ഭദ്രകീർത്തി പറഞ്ഞു.
ഇത്രയും നാള് അച്ഛന് ഞങ്ങള്ക്കുവേണ്ടിയാണു ജീവിച്ചത്. സന്തോഷം എന്താണെന്നുപോലും അറിയാതെ അച്ഛൻ പോയി. അച്ഛനു നീതി എപ്പോള്‍ കിട്ടുമോ അന്നുവരെ പോരാട്ടം തുടരാനാണു തീരുമാനമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി കൊടുക്കും.
കുറ്റക്കാരായ പൊലിസുകാരടക്കം എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം. തന്റെ അച്ഛന്റെ മൃതദേഹം കിട്ടുന്നതിനുമുന്പ് ഈ പ്രതിയെ കിട്ടിയിട്ടുപോലും അവര്‍ പറഞ്ഞുവിട്ടു. അങ്ങനത്തെ ഒരു നിയമം ഉണ്ടോ? ഭദ്രകീർത്തി ചോദിച്ചു.
അന്വേഷണം ക്രൈംബ്രാഞ്ചിന്
ബെൻസ് കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. പ്രത്യേക സംഘത്തെ ഉടന്‍ നിശ്ചയിക്കും. കേസെടുത്തതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു.
ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 17കാരന്റെ ഫോണില്‍നിന്നു വാഹനം 100 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ സഞ്ചരിച്ചതിന്റെ തെളിവും ലഭിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ കാര്‍ അപകടത്തിന് തൊട്ടുമുമ്പുവരെ അമിതവേഗത്തിലായിരുന്നുവെന്നും കണ്ടെത്തി.
ഇതോടെ അമിതവേഗത്തിനും കുറ്റകരമായ നരഹത്യയ്ക്കുമുള്ള വകുപ്പുകള്‍കൂടി ചേര്‍ത്തതായി കമ്മിഷണര്‍ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുകയാണ്.
അപകടമുണ്ടാക്കിയ പ്രതിയെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധന നടത്തി. രക്തസാന്പിളും മൂത്രസാന്പിളും ശേഖരിച്ചു. മദ്യപിച്ചിരുന്നതായി മണമൊന്നും ഇല്ലാത്തതിനാല്‍ അപകടമായിട്ടാണു രജിസ്റ്റര്‍ ചെയ്തത്. മഴയായതിനാല്‍ കണ്ടില്ലെന്നാണു പ്രതി പറഞ്ഞത്.
അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മാതാപിതാക്കള്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. മാതാപിതാക്കള്‍ ഗൗരവത്തോടെ ഇരുന്നെങ്കില്‍ ഇങ്ങനെയൊരു അപകടം ഉണ്ടാകുമായിരുന്നില്ല. അതിനാലാണു രക്ഷിതാവിനെതിരേ കേസെടുത്തതെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
