ഇന്ത്യയിലെ ഇസ്രായേൽ എംബസി ദീപാവലിയോടനുബന്ധിച്ച് പങ്കുവെച്ച ഒരു വ്യത്യസ്തമായ ആശംസാ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നയതന്ത്രജ്ഞർ ചേർന്ന് ‘ചൈനീസ് വിസ്പർ’ കളിയിലൂടെ ദീപാവലി ആശംസ കൈമാറിയതാണ് കൗതുകകരമായ തമാശയ്ക്ക് വഴിവെച്ചത്.
വീഡിയോയുടെ തുടക്കത്തിൽ ഒരു ഇന്ത്യൻ നയതന്ത്രജ്ഞ ഇസ്രായേലി ഉദ്യോഗസ്ഥന്റെ ചെവിയിൽ “ദീവാലി കി ശുഭ്കാമ്നായേ” എന്ന് പതുക്കെ പറഞ്ഞു കൊടുക്കുന്നു. തുടർന്ന് നിരന്നു നിന്ന ഓരോരുത്തരായി അടുത്ത ആളുടെ ചെവിയിൽ സന്ദേശം കൈമാറി.
ചൈനീസ് വിസ്പർ കളിയുടെ പ്രത്യേകത പോലെ, ആദ്യത്തെ ആളിൽ നിന്ന് അവസാനത്തെ ആളിലേക്ക് എത്തിയപ്പോഴേക്കും സന്ദേശം പൂർണമായും മാറിപ്പോയി. “ദീവാലി കി ശുഭ്കാമ്നായേ” എന്നത് അവസാനത്തെ ആളിലെത്തിയപ്പോൾ “ദീവാലി കി അക്ര ശുക്നാതെ” എന്ന രസകരമായ വാക്കായി മാറിയിരുന്നു!
തങ്ങൾക്ക് പറ്റിയ തെറ്റ് സ്വയം വെളിപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ എംബസിയുടെ ഔദ്യോഗിക എക്സിൽ ഹാൻഡിലിലാണ് വീഡിയോ പങ്കുവെച്ചത്. സന്ദേശത്തിന് എന്ത് സംഭവിച്ചാലും ഭാരതത്തിന് സന്തോഷം നിറഞ്ഞ ദീപാവലി ആശംസിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് എംബസി വീഡിയോ അവസാനിപ്പിച്ചത്. ഈ വ്യത്യസ്തമായ ആശംസയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
