പരമ്പരാഗത രീതിയിലുള്ള കുതിരസവാരിയും ആഡംബര കാറുകളും ഒഴിവാക്കി സൈക്കിളിൽ വിവാഹഘോഷയാത്ര നടത്തി വൈറലായിരിക്കുകയാണ് മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ വരൻ. പരിസ്ഥിതി സംരക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ വേറിട്ട ഘോഷയാത്രയിൽ നൂറോളം സൈക്കിൾ യാത്രികരും വരനൊപ്പം അണിനിരന്നു.
ഡോ. രാജേന്ദ്ര കുമാർ സോനോനെയുടെ മകൻ ഡോ. വിരാജ് ആണ് തന്റെ വിവാഹത്തോടനുബന്ധിച്ച് ‘റൈഡ് ഫോർ ലവ്’ എന്ന പേരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചത്. നവംബർ 21ന് നടക്കുന്ന വിവാഹത്തിന് മുന്നോടിയായി നവംബർ 19-നായിരുന്നു അകോലയിലെ പ്രധാന നിരത്തുകളിലൂടെ ഈ ആഘോഷയാത്ര നടന്നത്.
പൂക്കൾ കൊണ്ട് അലങ്കരിച്ച സൈക്കിളുകളിലായിരുന്നു വരനും സംഘവും എത്തിയത്. ഘോഷയാത്രയിൽ പങ്കെടുത്തവരെല്ലാം ‘റൈഡ് ഫോർ ലവ്’ എന്ന സന്ദേശം ആലേഖനം ചെയ്ത പ്രത്യേക ടീ-ഷർട്ടുകളാണ് ധരിച്ചിരുന്നത്. കുടുംബാംഗങ്ങൾക്ക് പുറമെ പരിസ്ഥിതി പ്രവർത്തകരും പ്രാദേശിക സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങളും സൈക്കിൾ പ്രേമികളും ഘോഷയാത്രയിൽ ആവേശത്തോടെ പങ്കുചേർന്നു. വഴിയരികിൽ നിന്ന നിരവധി ആളുകൾ ഈ അപൂർവ്വ കാഴ്ച കൗതുകത്തോടെ വീക്ഷിക്കുകയും മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തു.
വരന്റെ പിതാവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുടുംബം ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്. ആരോഗ്യകരവും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത മാർഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കാൻ വിവാഹാഘോഷത്തെ ഒരു വേദിയാക്കുകയായിരുന്നു. പ്രമുഖ സൈക്ലിംഗ് പ്രേമിയായ ഡോ. വിനീത് ഹിംഗങ്കർ ഉൾപ്പെടെയുള്ളവരും വരനും അതിഥികൾക്കുമൊപ്പം സൈക്കിൾ ചവിട്ടി ആഘോഷത്തിൽ പങ്കാളികളായി.
