ഗോതം സിറ്റിയിലെ ഇരുണ്ട തെരുവുകളിൽ കുറ്റവാളികളെ വിറപ്പിച്ച ബാറ്റ്മാൻ ഒരു ഇന്ത്യൻ ഗ്രാമത്തിലെത്തിയാൽ എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബാറ്റ്മൊബൈലിന് പകരം പോത്തിനെ വാഹനമാക്കുകയും റെയിൽവേ ട്രാക്കുകളിലൂടെയും തിരക്കേറിയ ഗ്രാമവീഥികളിലൂടെയും സഞ്ചരിക്കുകയും ചെയ്താൽ സംഗതി എങ്ങനെയിരിക്കും? അതിനൊപ്പം മാധുരി ദീക്ഷിതിന്റെ പഴയ ബോളിവുഡ് ഹിറ്റ് ഗാനവും കൂടി ചേർന്നാലോ? സംഗതി അടിപൊളി വൈറൽ!
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ‘ദേശി ബാറ്റ്മാൻ’ എന്ന പേരിൽ ശ്രദ്ധനേടിയ എഐ വീഡിയോകളാണ്. ബംഗളൂരു സ്വദേശിയും ഹൗസ് ഓഫ് എഡ്ടെക്കിൽ എഐ ജനറലിസ്റ്റായി ജോലി ചെയ്യുന്നയാളുമായ സുജൽ ജയ്സ്വാറാണ് ഈ കൗതുകകരമായ വീഡിയോകൾക്ക് പിന്നിൽ.
ഡിസി കോമിക്സിലെ പ്രശസ്ത സൂപ്പർഹീറോയായ ബാറ്റ്മാനെ തനത് ഇന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിലേക്ക് മാറ്റിയിരിക്കുകയാണ് സുജൽ. ഗോതം സിറ്റിയിലെ കുറ്റവാളികളെ പിന്തുടരുന്നതിന് പകരം ഗ്രാമീണ ചന്തകൾ, റെയിൽവേ ട്രാക്കുകൾ, ഓട്ടോറിക്ഷകൾ, വഴിയോര ചായക്കടകൾ എന്നിവിടങ്ങളിലാണ് ഈ ബാറ്റ്മാന്റെ സാഹസികതകൾ.
ഗ്രാമത്തിലെ റെയിൽവേ ട്രാക്കിന് സമീപം നിന്ന് പല്ലുതേക്കുന്ന ബാറ്റ്മാനിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ഒരു ആൺകുട്ടിയെ കാണാനില്ലെന്ന അറിയിപ്പ് പതിച്ച പോസ്റ്ററുകൾ അയാളുടെ ശ്രദ്ധയിൽപ്പെടുന്നു.
അതേസമയം, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന ജോക്കർ കുട്ടിയെ കാണുകയും മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. സംഭവം അറിഞ്ഞ ബാറ്റ്മാൻ ഉടൻ തന്നെ വേഷം മാറി ജോക്കറിനെ തേടിയിറങ്ങുന്നു.
എന്നാൽ പതിവുപോലെ ബാറ്റ്മൊബൈലിലല്ല ഇത്തവണ യാത്ര. പകരം ഒരു പോത്തിനെയാണ് ബാറ്റ്മാൻ വാഹനമാക്കുന്നത്! പോത്തിൽ കയറി ജോക്കറിനെ പിന്തുടരുന്ന ബാറ്റ്മാന്റെ സാഹസിക യാത്രയാണ് പിന്നീട് വീഡിയോയെ രസകരമാക്കുന്നത്.
ഒടുവിൽ ജോക്കറുമായി ഏറ്റുമുട്ടി കുട്ടിയെ രക്ഷിക്കുന്ന ബാറ്റ്മാൻ, പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് സൂപ്പർഹീറോ ആക്ഷനും നാടൻ തമാശകളും ചേർന്ന വ്യത്യസ്തമായ കാഴ്ചയാണ്.
