ക്ഷേത്രത്തിലെ പരമ്പരാഗത ആചാരം അനുഷ്ഠിക്കുന്നതിനിടെ ആനയുടെ കൽപ്രതിമയുടെ കാലുകൾക്കിടയിൽ കുടുങ്ങിയ ഭക്തന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മധ്യപ്രദേശിലെ അമർകണ്ഠകിലുള്ള നർമദാ ക്ഷേത്രത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് തിങ്കളാഴ്ച പുറത്തുവന്നത്.
പ്രാദേശിക വിശ്വാസത്തിന്റെ ഭാഗമായാണ് ഭക്തൻ ആനപ്രതിമയുടെ കാലുകൾക്കിടയിലൂടെ ഇഴഞ്ഞ് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇടുങ്ങിയ വിടവിലൂടെ കടക്കുന്നതിനിടെ പാതിവഴിയിൽ കുടുങ്ങുകയായിരുന്നു. ഏറെ നേരം പുറത്തുകടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ഭക്തനെ രക്ഷിക്കാൻ ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റു ഭക്തർ ഓടിയെത്തി.
ആനയുടെ കാലുകൾക്കിടയിലുള്ള വിടവിലൂടെ ബുദ്ധിമുട്ടില്ലാതെ കടന്നുപോകാൻ കഴിയുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. ചിലർ ഇതിനെ ഒരാളുടെ പുണ്യപാപങ്ങളുടെ പരിശോധനയായും കരുതുന്നു.
ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ഭക്തൻ പ്രതിമയ്ക്കടിയിലൂടെ കടക്കാൻ ശ്രമിച്ചത്. എന്നാൽ ആചാരം അനുഷ്ഠിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുടുങ്ങിയതോടെ രംഗം സംഘർഷഭരിതമായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
