പാർലമെന്റിലെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ആറ് മാസം പ്രായമായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് സംസാരിക്കുന്ന ഓസ്ട്രേലിയൻ സെനറ്ററുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സെനറ്റർ പ്രസംഗിക്കുമ്പോൾ പിന്നിലിരുന്ന മറ്റൊരു സെനറ്റർ കുഞ്ഞിനൊപ്പം ‘പീക്ക്-എ-ബൂ’ കളിക്കുന്ന ഹൃദ്യമായ നിമിഷവും വീഡിയോയിലുണ്ട്.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള സ്വതന്ത്ര സെനറ്റർ ഫാത്തിമ പെയ്മാനാണ് നവംബർ 25-ന് നടന്ന സെനറ്റ് സമ്മേളനത്തിനിടെ മകൾ അലിയായെ കൈയിലേന്തി സഭയെ അഭിസംബോധന ചെയ്തത്. ഡിസ്പാച്ച് ബോക്സിന് സമീപം നിന്നു സഹപ്രവർത്തകരോട് സംസാരിക്കുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാതൃത്വവും രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ ഈ അപൂർവ കാഴ്ച വലിയ ചർച്ചകൾക്കും കൗതുകത്തിനും വഴിവെച്ചിട്ടുണ്ട്.
സമ്മേളനത്തിനിടെ ഫാത്തിമ പെയ്മാന് പിന്നിലിരുന്ന സ്വതന്ത്ര സെനറ്റർ ലിഡിയ തോർപ്പ് കുഞ്ഞിനോട് സംസാരിക്കുകയും ‘പീക്ക്-എ-ബൂ’ കളിക്കുകയും ചെയ്തതാണ് മറ്റൊരു കൗതുകകരമായ കാഴ്ച. പാർലമെന്റിലെ ഗൗരവമേറിയ നടപടികൾക്കിടയിൽ ഈ സ്നേഹപ്രകടനം സഭയ്ക്ക് ഒരു ലഘുനിമിഷം സമ്മാനിച്ചു. വീഡിയോ പ്രചരിച്ചതോടെ ഈ ദൃശ്യങ്ങളും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു.
കടുത്ത തൊഴിൽ ഉത്തരവാദിത്തങ്ങൾക്കിടയിൽ കുഞ്ഞിന്റെ പരിചരണം കൂടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അമ്മമാർ നേരിടുന്ന വെല്ലുവിളികളിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്.
പാർലമെന്റിൽ സേവനമനുഷ്ഠിക്കുന്നതിനിടെ പ്രസവിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള ആദ്യ സെനറ്റർ എന്ന ചരിത്രനേട്ടം ഫാത്തിമ പെയ്മാന് സ്വന്തമാണ്. മുൻപും കുഞ്ഞിനെ സെനറ്റ് ചേംബറിലേക്ക് കൊണ്ടുവന്നിട്ടുള്ള അവർ, മാതൃത്വം, പ്രസവാനന്തര വീണ്ടെടുക്കൽ, പ്രസവശേഷം ജോലിയിലേക്ക് മടങ്ങുന്നതിന്റെ യാഥാർഥ്യങ്ങൾ എന്നിവയെക്കുറിച്ച് സഭയിൽ സംസാരിച്ചിട്ടുണ്ട്.
സഭാ നടപടികൾക്കിടെ കുഞ്ഞുങ്ങളെ പരിചരിക്കാനും മുലയൂട്ടാനും സെനറ്റർമാർക്ക് താൽക്കാലികമായി അനുമതി നൽകുന്ന ചട്ടങ്ങൾ ഓസ്ട്രേലിയൻ പാർലമെന്റിലുണ്ട്. കുഞ്ഞുങ്ങളിൽ നിന്ന് വേർപിരിയാതെ തന്നെ പാർലമെന്ററി പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഈ നിയമം മാതാപിതാക്കളെ സഹായിക്കുന്നു.
