ഗർഭിണിയാണെന്ന് മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ 19-കാരിയെ സ്വന്തം മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇറാനിൽ നിന്നും പുറത്തുവരുന്നത്. പടിഞ്ഞാറൻ ഇറാനിലെ സനന്ദാജ് നഗരത്തിൽ നടന്ന ഈ ക്രൂരമായ സംഭവം ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഹെലിയ ഫത്താഹി എന്ന 19-കാരിയാണ് കൊല്ലപ്പെട്ടത്. രണ്ടുമാസം ഗർഭിണിയായിരുന്ന ഇവർ, കഴിഞ്ഞ ആഴ്ചയാണ് തന്റെ ഗർഭധാരണത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. ഇതേത്തുടർന്ന് മാതാപിതാക്കൾ അക്രമാസക്തരാകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് വോറിയ ഫത്താഹിയെയും മാതാവ് ലെയ്ല വീസിനെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായാണ് വിവരം.
മനുഷ്യാവകാശ സംഘടനകൾ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, നവംബർ 21 ശനിയാഴ്ച കോടതിയിൽ പോയി മടങ്ങിയെത്തിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. മകൾക്കെതിരെ പരാതി നൽകുന്നതിനായി മാതാപിതാക്കൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ ശേഷം ഹെലിയയെക്കൊണ്ട് ഏകദേശം 30 ആന്റികൺവൾസന്റ് ഗുളികകൾ (anticonvulsant tablets) നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. എന്നാൽ, ഗുളിക കഴിച്ചിട്ടും യുവതി മരിക്കാത്തതിനെത്തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇറാനിലെ സ്ത്രീകൾക്കെതിരെയുള്ള ലിംഗപരമായ അതിക്രമങ്ങൾ ഈ സംഭവത്തിലൂടെ വീണ്ടും വ്യക്തമാകുന്നുവെന്ന് ‘ഹെംഗാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഹാന ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ’ എന്നിവർ ചൂണ്ടിക്കാട്ടി.
ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ നിയമസംരക്ഷണം നൽകുന്നതിൽ ഇറാൻ ഭരണകൂടം പരാജയപ്പെടുന്നതായി ഹെംഗാവ് കുറ്റപ്പെടുത്തി. ഗാർഹിക പീഡനങ്ങൾക്കെതിരെ ഫലപ്രദമായ നിയമങ്ങൾ കൊണ്ടുവരാത്തതും, ദുരഭിമാനക്കൊല നടത്തുന്നവർക്ക് ലഭിക്കുന്ന ലഘുവായ ശിക്ഷകളും നിയമത്തിലെ പഴുതുകളും സ്ത്രീകളെ വലിയ അതിക്രമങ്ങൾക്ക് ഇരയാക്കുന്നുവെന്നും, ഇത് കുറ്റവാളികൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുവെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി ആവശ്യമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.
