പൊതുമേഖലാ ബാങ്കിംഗ് സേവനങ്ങള്‍ വിപുലീകരിക്കണം: മേയര്‍

tvm-bankതിരുവനന്തപുരം : രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ ക്ഷേമത്തിനും കൂടുതല്‍ സഹായകമാകും വിധം പൊതുമേഖലാ ബാങ്കുകളുടെ സാന്നിധ്യവും സേവനങ്ങളും വ്യാപിപ്പിക്കണമെന്ന് മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്‍കിട കോര്‍പറേറ്റുകള്‍ വരുത്തിവച്ചിട്ടുള്ള ഭീമമായ കിട്ടാക്കടം ഈടാക്കാനുള്ള സമയബന്ധിതവും പര്യാപ്തവുമായ നിയമ നടപടികള്‍ പ്രാബല്യത്തില്‍ വരുത്തുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണാധികാരികള്‍ പ്രകടമാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഐബിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍ ആവശ്യപ്പെട്ടു. എകെബിഇഎഫ് ജില്ലാ ചെയര്‍മാന്‍ ടി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. എഐബിഇഎ സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ, അസിസ്റ്റന്റ് സെക്രട്ടറി എം.എം. അന്‍സാരി, എഐബിഒഎ അസിസ്റ്റന്റ് സെക്രട്ടറി എച്ച്. വിനോദ് കുമാര്‍, എസ്. പ്രഭാദേവി, ഡി. ലൈല, കെ.എസ്. ഗീത, സി. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

എകെബിഇഫ് ജില്ലാ സെക്രട്ടറി എസ്. സുരേഷ് കുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രമണ്‍ ജോസ് നന്ദിയും പറഞ്ഞു. വൈകുന്നേരം ബാങ്ക് ജീവനക്കാര്‍ അവതരിപ്പിച്ച സംഗീത-നൃത്ത പരിപാടികള്‍ നടന്നു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ നൂറുകണക്കിനു ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തു.

Related posts