പാലക്കാട്: സിപിഎം നേതാക്കളെക്കുറിച്ചു മിണ്ടിയാൽ വി.ടി.ബൽറാമിന്റെ നാവു പിഴുതെടുക്കുമെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ. മറ്റുള്ളവരെ തെറിപറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. എകെജിക്കെതിരെ ബൽറാം നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു തൃത്താല എംഎൽഎ ഓഫിസിലേക്കു സിപിഎം നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധം തുടരുമെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും വ്യക്തമാക്കി. പൊതുപരിപാടികളിൽ ബൽറാമിനെ ബഹിഷ്കരിക്കും. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽനിന്നു മാറ്റിനിർത്തും. അതേസമയം, ആശയദാരിദ്ര്യം നേരിടുന്ന സിപിഎം ബൽറാമിന്റെ നാക്കിനെപ്പോലും ഭയക്കുന്നുവെന്നു ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
എച്ച്എസ്എസ്ടിഎ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. എകെജിയുടെ ചരിത്രം ചികഞ്ഞുനോക്കുന്ന ജനങ്ങളുടെ മുന്പിൽ പകച്ച സിപിഎം നേതൃത്വം അക്രമത്തിന് ആഹ്വാനം നൽകുകയാണ്. സിപി എമ്മിന്റെ പൂർവകാല ചരിത്രം അത്രയേറെ അരോചകമാണ്. ബൽറാമിന്റെ നാക്ക് പിഴുതെടുക്കുമെന്നു പ്രസംഗിച്ച എം. ചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.