ഹൈദരാബാദില്‍ പഠിക്കുമ്പോള്‍ ചൈത്ര തെരേസ സജീവ എബിവിപി പ്രവര്‍ത്തക, ബിജെപി നേതാക്കളുമായി അടുത്തബന്ധം, പ്രധാനമന്ത്രി കേരളത്തിലെത്തും മുമ്പ് ആളാകാനുള്ള നീക്കം, സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ വനിത ഐപിഎസുകാരിയെ സംഘിയാക്കി സൈബര്‍ ആക്രമണം ശക്തം

ആരെങ്കിലും തങ്ങള്‍ക്ക് എതിരായി പറഞ്ഞാല്‍ അയാളെ മറ്റേ പാര്‍ട്ടിയുടെ ആളാക്കുകയാണ് കേരളത്തിലെ ഇപ്പോഴത്തെ രീതി. സിനിമക്കാര്‍ മുതല്‍ സാധാരണ കര്‍ഷകന്‍ വരെയാണെങ്കിലും ഇതുതന്നെയാണ് സ്ഥിതി. എല്ലാ പാര്‍ട്ടിക്കാരും അക്കാര്യത്തില്‍ ഒന്നിനൊന്നു മെച്ചമാണ്. ഇപ്പോഴിതാ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രതികളെ തേടി റെയ്ഡിനെത്തിയ ഡിസിപി ചൈത്ര തെരേസ ജോണിന്റെ സംഘപരിവാര്‍ ബന്ധം കണ്ടെത്തുന്ന തിരക്കിലാണ് സൈബര്‍ സഖാക്കള്‍.

ഹൈദരാബാദിലെ പഠനകാലത്ത് ചൈത്ര തെരേസ എബിവിപിയുടെ സജീവ പ്രവര്‍ത്തകയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ കേന്ദ്ര നേതാക്കളുമായി ഇവര്‍ക്ക് വളരെ അടുത്ത സൗഹൃദമുണ്ടെന്നും ഡെല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് സിപിഎം ഓഫീസില്‍ റെയ്ഡ് ചെയ്തതെന്നും ആരോപണങ്ങള്‍ പോകുന്നു. ചൈത്രയുടെ വിശ്വാസത്തെ കൂട്ടുപിടിച്ചുള്ള വ്യക്തിഹത്യകളും ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ സമൂഹത്തിന്റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്റെ ഭാഗമാണ് സിപിഎം ഓഫീസില്‍ നടന്ന റെയ്‌ഡെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

പാര്‍ട്ടി ഓഫീസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. സാധാരണനിലയില്‍ അന്വേഷണങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്ത, വിഷയത്തില്‍ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചൈത്ര നിര്‍വഹിച്ചത് അവരുടെ ജോലിമാത്രമാണെന്നും എങ്കിലും എസ്പി കുറച്ചുകൂടി ജാഗ്രത കാട്ടണമായിരുന്നു എന്നുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പാര്‍ട്ടി ഓഫീസില്‍ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡിസിപിക്കെതിരേ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തെത്തിരുന്നു. സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ചൈത്രയെ ഡിസിപി ചുമതലകളില്‍ നിന്ന് ഒഴിവാക്കി വനിതാ സെല്ലിലേക്ക് തിരിച്ചയച്ചത് വിവാദമായിരുന്നു.

Related posts