ഓഹരി അവലോകനം / സോണിയ ഭാനു
കൊച്ചി: കുരുമുളക് സര്‍വകാല റി ക്കാര്‍ഡ് പുതുക്കുമോ? കാര്‍ഷിക മേഖല ഉറ്റുനോക്കുന്നു. കര്‍ണാടകത്തില്‍നിന്നുള്ള വില്പന സമ്മര്‍ദ്ദം ചുക്കിന് തിരിച്ചടിയായി. നാലാം ഗ്രേഡ് റബര്‍ 12,500നെ ഉറ്റുനോക്കുന്നു, ടോക്കോമില്‍ ബുള്ളി ഷെങ്കിലും യെന്നിന്റെ വിനിമയ മൂല്യം റബറിന് ഭീഷണിയാവും.കൃഷി വകുപ്പ് ഉറക്കം നടിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കൊപ്ര സംഭരണം സംബന്ധിച്ച് ആലോചന യോഗത്തിന് പോലും തയ്യാറായില്ല. നോയമ്പ് കാലം കഴിഞ്ഞതോടെ ആഭ്യന്തരണ വിപണികളില്‍ സ്വര്‍ണത്തിന് പ്രിയമേറി.
കറുത്ത പൊന്ന് ഒരിക്കല്‍കൂടി സര്‍വകാല റിക്കാര്‍ഡിലേക്ക് കുതിക്കാന്‍ വേണ്ട കരുത്തു സ്വരൂപിക്കുകയാണോ? ഇക്കാര്യത്തില്‍ വ്യക്തമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ലങ്കിലും വിപണിയില്‍ കുരുമുളക് താരമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഉത്പാദകര്‍. നടപ്പ് സീസണില്‍ കേരളത്തില്‍ ഉത്പാദനം കുറയുമെന്ന് നേരത്തെ തന്നെ അന്താരാഷ്ട്ര കുരുമുളക് സമൂഹം വ്യക്തമാക്കി.
നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്താല്‍ അടുത്ത വര്‍ഷവും ഉത്പാദനം കുറയാനാണ് സാധ്യത. കാര്‍ഷിക മേഖലയില്‍ വരള്‍ച്ച അത്രമാത്രം രൂക്ഷമാണ്. അടുത്ത രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് പകല്‍ ചൂട് വീണ്ടും ഉയരും. ഇതിനകം തന്നെ ചൂടു താങ്ങാനാ വാതെ കുരുമുളക് ചെടി കരിഞ്ഞ് തുടങ്ങി. താപനില വീണ്ടും വര്‍ധി ച്ചാല്‍ തോട്ടം മേഖലയെ ദോഷകരമായി ബാധിക്കും. ഹൈറേഞ്ച് മേഖലയില്‍ ജലസേചന സൗകര്യങ്ങള്‍ അപര്യാപ്തമായതിനാല്‍ വരള്‍ച്ചയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കാനെ നമ്മുടെ കര്‍ഷകര്‍ക്കാവൂ.
സ്ഥിതിഗതികള്‍ മനസിലാക്കി പരമാവധി കുരുമുളക് സംഭരിക്കാന്‍ ഉത്തരേന്ത്യക്കാര്‍ ഉത്സാ ഹിച്ചു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റലിന് 68,100 രൂപയായി ഉയര്‍ന്നു. കര്‍ഷകരില്‍ വലിയോരു പങ്ക് സ്റ്റോക്ക് വില്‍പ്പനയ്ക്ക് ഇറക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ പിന്നിട്ടവാരത്തിലും ചരക്ക് വരവ് കുറവായിരുന്നു. കാര്‍ഷിക മേഖല ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഉത്സവകാല ഡിമാന്‍ണ്ടിനെയാണ്. ദസറ-ദീപാവലി വേളയില്‍ ഉത്തരേന്ത്യന്‍ ഡിമാന്‍ണ്ട് ഉയരാം.
ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തിരിച്ചെത്തി. വിയറ്റ്‌നാം കുരുമുളകിന് ഡിമാന്‍ണ്ട് അല്‍പ്പം കുറവാണ്. ബ്രസീലിയന്‍ കയറ്റുമതിക്കാര്‍ ആകര്‍ഷകമായ ക്വട്ടേഷനുകള്‍ ഇറക്കി യൂറോപ്യന്‍ വാങ്ങലുകാരെ കൈപിടിയില്‍ ഒതുക്കാനുള്ള നീക്കത്തിലാണ്. ടണ്ണിന് 8500 ഡോളറാണ് ബ്രസീലിയന്‍ കുരുമുളക് വില. ഇന്തോനേഷ്യ രംഗത്ത് സജീവമല്ല. ഇന്ത്യന്‍ യൂറോപ്യന്‍ കയറ്റുമതിക്ക് 10,500 ഡോളറും ന്യൂയോര്‍ക്ക് ഷിപ്പ്‌മെന്റിന് 10,700 ഡോളറും ആവശ്യപ്പെട്ടു.
ആഭ്യന്തര ആവശ്യം ചുരുങ്ങിയതിനാല്‍ ചുക്കിന് തിരിച്ച് വരവ് കാഴ്ച്ചവെയ്ക്കാനായില്ല. പകല്‍ ചൂടു കനത്തതോടെ ഉത്തരേന്ത്യയില്‍നിന്ന് ഉത്പ്പന്നത്തിന് അന്വേഷണങ്ങള്‍ നിലച്ചു. വിദേശ രാജ്യങ്ങളും ചുക്കില്‍ താത്പര്യം കാണിച്ചില്ല. കര്‍ണാടകത്തില്‍നിന്ന് ഉയര്‍ന്ന അളവില്‍ ചുക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. കൊച്ചിയില്‍ വിവിധയിനം ചുക്ക് 16,500-18,000 രൂപയിലാണ്.അന്താരാഷ്ട്ര റബര്‍ വിപണി പുതിയ ദിശയിലേക്ക് തിരിയുമെന്ന് വിലയിരുത്തല്‍ ഇന്ത്യന്‍ ടയര്‍ കമ്പനികളെ ആഭ്യന്തര മാര്‍ക്കറ്റിലേക്ക് അടുപ്പിച്ചു. ടയര്‍ കമ്പനികളുടെ വരവില്‍ നാലാം ഗ്രേഡ് റബര്‍ 300 രൂപ വര്‍ധിച്ച് 11,700 രൂപയായി.
വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ മികച്ചയിനം ഷീറ്റ് വില 12,500 റേഞ്ചിലേക്ക് ചുവടുവെക്കാം. കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റ് ക്ഷാമം രൂക്ഷമാണ്.പുതിയ ചരക്ക് വരവിന് കാലവര്‍ഷം ആരംഭിക്കും വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. മുന്നിലുള്ള രണ്ട് മാസങ്ങളില്‍ കമ്പനികള്‍ ഷീറ്റ് സംഭരിക്കാന്‍ രംഗത്ത് സജീവമായാല്‍ സ്റ്റോക്കിന് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും.ഫെബ്രുവരിയില്‍ ആഭ്യന്തര റബര്‍ ഉത്പാദനം പത്ത് ശതമാനവും റബര്‍ ഇറക്കുമതി 12 ശതമാനവും കുറഞ്ഞു. ഫെബ്രുവരിയിലെ മൊത്തം ഇറക്കുമതി 27,280 ടണ്ണില്‍ ഒതുങ്ങി. ഈ കണക്കുകള്‍ വിപണിയുടെ മുന്നേറ്റ സാധ്യതകള്‍ക്ക് ശക്തിപകരും.
ഇന്ത്യയില്‍ മാത്രമല്ല ഫെബ്രുവരിയില്‍ ചൈനയില്‍ റബര്‍ ഇറക്കുമതി 21 ശതമാനം കുറവാണ്. രാജ്യാന്തര റബര്‍ അവധി വിലകള്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. എന്നാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും തളര്‍ന്നതും ഫോറെക്‌സ് മാര്‍ക്കറ്റില്‍ ജാപ്പനീസ് യെന്നിന്റെ മൂല്യം വര്‍ധിക്കുന്നതും റബറിന് ഭീഷണിയാണ്.പകല്‍ താപനില കുതിച്ചതും വേനല്‍ മഴയുടെ അഭാവും ഏലത്തോട്ടങ്ങളെ ബാധിച്ചു. ഇനി കാര്യമായി വിളവെടുപ്പ് തുടരാനാവില്ലെന്ന് വ്യക്തമായതോടെ ഉത്പാദകര്‍ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക നീക്കം കുറച്ചു.
പിന്നിട്ടവാരം ലേലത്തിന് വന്ന ചരക്കില്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. മികച്ചയിനത്തിന് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയായ 1110 രൂപ കഴിഞ്ഞവാരം ഉറപ്പ് വരുത്താനായി.കൊപ്ര സംഭരണം സംബന്ധിച്ച് ആലോചനാ യോഗത്തിനു പോലും സംസ്ഥാന കൃഷി വകുപ്പ് നീക്കം നടത്തിയില്ല. സംഭരണം എന്നാരംഭിക്കുമെന്ന കാര്യം വ്യക്തമാക്കിയാല്‍ മെച്ചപ്പെട്ട വിലയ്ക്കായി കര്‍ഷകര്‍ക്ക് ചരക്കു പിടിക്കും.
എന്നാല്‍, കൊപ്ര സംഭരണം സംബന്ധിച്ച് യാതൊരു നീക്കവും ഇനിയും നടന്നിട്ടില്ല. കൊപ്രയുടെ താങ്ങ് വില 5950 രൂപയാണെങ്കിലും വിപണി വില 5280 രൂപ മാത്രമാണ്. വിഷു അടുത്തതിനാല്‍ എണ്ണയ്ക്ക് ഡിമാന്‍ണ്ട് ഉയരും. അടുത്ത രണ്ടാഴ്ചകളില്‍ വെളിച്ചെണ്ണ വില്‍പ്പന വര്‍ധികും. എണ്ണ നീക്കം നിയന്ത്രിച്ച് നിരക്ക് ഉയര്‍ത്താന്‍ മില്ലുകാര്‍ ശ്രമം നടത്താം. അതേ സമയം വന്‍തോതില്‍ കൊപ്ര വില്‍പ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ 7700 രൂപയിലാണ്.
കറിമസാല വ്യവസായികളും ഔഷധ നിര്‍മ്മാതാക്കളും ജാതിക്ക ശേഖരിച്ചിട്ടും നിരക്ക് ഉയര്‍ന്നില്ല. കര്‍ഷകര്‍ ജാതിക്ക സംസ്കരണത്തിന്റെ തിരക്കിലാണ്. അറബ് രാജ്യങ്ങളുമായി ഉറപ്പിച്ച കച്ചവടങ്ങള്‍ മുന്‍ നിര്‍ത്തി കയറ്റുമതിക്കാര്‍ ചരക്ക് എടുത്തു. ജാതിക്ക തൊണ്ടന്‍ കിലോ 170-200 രൂപയിലും തൊണ്ടില്ലാത്തത് 350-390, ജാതിപത്രി 590-925 രൂപ.
സ്വര്‍ണ വില ചാഞ്ചാടി. ആഭരണ ഷോറൂമുകളില്‍ വിവാഹ പാര്‍ട്ടികള്‍ താത്പര്യം കാണിച്ചത് വില്‍പ്പനത്തോത് ഉയര്‍ത്തി. ഈസ്റ്റര്‍ കഴിഞ്ഞതോടെ വിവാഹ സീസണ്‍ തുടങ്ങി.പവന്‍ 21,040 രൂപയില്‍നിന്ന് 21,360 രൂപ വരെ കയറി. ശനിയാഴ്ച പവന്‍ 21,280 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2660 രൂപ. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1211 ഡോളറില്‍നിന്ന് 1235 വരെ കയറിയ ശേഷം 1222 ഡോളറില്‍ ക്ലോസിംഗ് നടന്നു.