തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു കൈകാര്യം ചെയ്യാൻ പറ്റിയ വകുപ്പല്ല ആഭ്യന്തരം എന്ന് അദ്ദേഹം ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരെ അടിച്ചൊതുക്കാൻ ക്വട്ടേഷൻ എടുത്തപോലെയുള്ള പോലീസിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ പോലീസ് മന്ത്രിക്കു കഴിയുന്നില്ലെന്നും പിണറായി ആഭ്യന്തര വകുപ്പ് ഉടൻ ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനു കൈകാര്യം ചെയ്യാൻ പറ്റിയ വകുപ്പല്ല ആഭ്യന്തരം എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വാരാപ്പുഴയിലെ ശ്രീജിത്തിനെ വീട്ടിൽനിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്ന വഴി അടിവയറ്റിൽ തൊഴിച്ചെന്നു ശ്രീജിത്തിന്റെ അമ്മ പറയുന്നു. കുടിക്കാൻ തുള്ളിവെള്ളം പോലും കൊടുക്കാതെ ആ ചെറുപ്പക്കാരനെ പോലീസ് തല്ലികൊല്ലുകയായിരുന്നു- ചെന്നിത്തല പറഞ്ഞു.
ദളിത് ഹർത്താൽ പൊളിക്കാനായി ദളിത് സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുക, മലപ്പുറത്ത് സാധാരണക്കാരുടെ തല തല്ലിപ്പൊളിക്കുക, കസ്റ്റഡിയിലെടുത്തവരെ മൃഗീയമായി തല്ലിക്കൊല്ലുക തുടങ്ങിയ പ്രവൃത്തികളാണു പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
വരാപ്പുഴയിൽ ബിജെപി ഹർത്താലിൽ പോലീസ് നോക്കിനിൽക്കെ സമരക്കാർ സാധാരണക്കാർക്കു നേരെ അഴിഞ്ഞാടി. ദളിത് നേതാക്കൻമാരെ കരുതൽ തടങ്കലിൽവച്ച പോലീസ് ബിജെപിക്കാർക്കുനേരെ കണ്ണടച്ചു- ചെന്നിത്തല കുറ്റപ്പെടുത്തി.
സാധാരണക്കാരെ അടിച്ചൊതുക്കാൻ ക്വട്ടേഷൻ എടുത്തപോലെയുള്ള പോലീസിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ പോലീസ് മന്ത്രിക്കു കഴിയുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പിണറായി ആഭ്യന്തര വകുപ്പ് ഉടൻ ഒഴിയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.