കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും സിംഗപ്പൂര്‍ ആസ്ഥാനമായ ഫില്ലിപ് ക്യാപ്പിറ്റല്‍ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഫില്ലിപ് ക്യാപ്പിറ്റല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും പ്രവാസികള്‍ക്കായുള്ള പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സ്കീം (പിഐഎസ്) കൈകാര്യം ചെയ്യാനുളള പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിന്റെ പ്രഖ്യാപനം സിംഗപ്പൂരില്‍ നടന്നു. സിംഗപ്പൂര്‍ ഹോട്ടല്‍ കോണ്‍റാഡ് സെന്റെനിയലില് നടന്ന കസ്റ്റമര്‍ മീറ്റില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനും ഫില്ലിപ് ക്യാപ്പിറ്റല്‍ ഗ്രൂപ്പ് ചെയര്മാന് ലിം ഹ്വാ മിനും ചേര്‍ന്നു ധാരണാപത്രം കൈമാറി. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനവും ഇരുവരും നടത്തി.
ഇന്ത്യയിലെ ഇക്വിറ്റി വിപണികളില്‍ നിക്ഷേപിക്കാനായി ഇന്ത്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളും പരിവര്‍ത്തനക്ഷമമായ കടപ്പത്രങ്ങളും വാങ്ങാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശത്തുള്ള ഇന്ത്യന്‍ വംശജര്ക്കുമായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗമാണു പിഐഎസ്. വ്യക്തികള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടപാടുകാര്‍ക്കു നിലവാരമുള്ളതും നൂതനവുമായ സേവനങ്ങളുടെ വന്‍നിരതന്നെ വാഗ്ദാനം ചെയ്യുന്ന, ആഗോളതലത്തില്‍ സാന്നിധ്യമുള്ള സംയോജിത ധനകാര്യ സ്ഥാപനമാണു ഫില്ലിപ് ക്യാപ്പിറ്റല്‍. പ്രവാസി ഇന്ത്യക്കാരായ ഇടപാടുകാര്‍ക്ക്, പ്രത്യേകിച്ചു ജിസിസി രാജ്യങ്ങള്‍ക്കു പുറമേയുള്ളവര്‍ക്ക്, ഫില്ലിപ് ക്യാപ്പിറ്റലിന്റെ ആഗോള ശൃംഖല വഴി അവരുടെ പരിചയസമ്പത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട് പിഐഎസ് സേവനം ലഭ്യമാക്കാമെന്നും ഫെഡറല്‍ ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.