കേരളത്തില്‍ ‘ആപ്പ്’ വിപ്ലവം അവസാനിക്കുന്നു…ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ സിപിഎമ്മിനു പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയില്‍ കൂട്ടരാജി;2013 സമയവും പണവും ചെലവഴിച്ചതു മിച്ചം, ഇനി വോട്ട് നോട്ടയ്‌ക്കെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍…

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും കരുത്തു തെളിയിച്ച ആംആദ്മി പാര്‍ട്ടി കേരളത്തില്‍ നിന്ന് ഇല്ലാതാവുന്നുവോ…?ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തില്‍ കൂട്ടരാജി. നേരത്തെ പാര്‍ട്ടി കേരള കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ ഓഫീസിലേക്ക് വിളിച്ച്വരുത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സോംനാഥ് ഭാരതി സിആറിനെ സസ്പെന്‍ഡ് ചെയ്തത്.

ആംആദ്മി പാര്‍ട്ടി അതിന്റെ ആത്മാഭിമാനം കേരളത്തിലെ ഇടത്പക്ഷത്തിന് പണയം വയ്ക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കൂട്ടരാജിയ്‌ക്കൊരുങ്ങിയത്. പലരും വിയോജിപ്പ് പരസ്യമായിത്തന്നെ പറയുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സംഘപരിവാറിനെ തോല്‍പ്പിക്കുക എന്ന ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടിനു അനുയോജ്യമായതാണോ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ എടുത്ത തീരുമാനം എന്നത് വരുന്ന ലോക്സഭ ഇലക്ഷന്‍ ഫലം വരുമ്പോള്‍ നമ്മള്‍ക്ക് മനസ്സിലാകും.

ആം ആദ്മി പാര്‍ട്ടി കേന്ദ്ര ഓഫീസില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗത്തെ വിളിച്ചിരുത്തി സോമനാഥ് ഭാരതി കേരള സംസ്ഥാന കണ്‍വീനറെ പുറത്താക്കിയ നടപടി ഉചിതമായില്ല എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയിലുള്ള അഭിപ്രായം. സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുത്തതായാണ് വിവരം. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ജില്ലാ കണ്‍വീനര്‍ വിഷ്ണുമനോഹരനാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ പ്രവര്‍ത്തകര്‍ വിട്ടുപോവുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി കേരള ഘടകം സംസ്ഥാനത്ത് പതിനൊന്ന് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം സീറ്റുകളില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു ആം ആദ്മി പാര്‍ട്ടി. തൃശൂരിലും, എറണാകുളത്തും അരലക്ഷത്തോളം വോട്ടുകളാണ് അന്ന് പാര്‍ട്ടി നേടിയത്. മറ്റിടങ്ങളില്‍ കാല്‍ലക്ഷത്തോളം വോട്ടുകളും സ്ഥാനാര്‍ത്ഥി നേടിയിരുന്നു. ഇത്തവണയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ വോട്ടുകള്‍ സ്പ്ലിറ്റ് ചെയ്ത് പോകാത്ത വിധം എന്‍ഡിഎയ്‌ക്കെതിരെയുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനായിരുന്നു പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത്. ഇതില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടായിരുന്നു.

എന്നാല്‍ അപ്രതീക്ഷമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന എതിര്‍പ്പുകള്‍ മറനീക്കി പുറത്തു വരികയായിരുന്നു.ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു കേരളത്തിലെ കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ കോണ്‍ഗ്രസിനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലത്തിലും പ്രവര്‍ത്തകരുടേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും പതിനൊന്ന് മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, ഇത് പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയാണെന്നാരോപിച്ച് നീലകണ്ഠനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.

ഡല്‍ഹി പോലൊരു സ്ഥലത്ത് സ്വന്തം നിലയ്ക്ക് വളര്‍ന്ന പാര്‍ട്ടിക്ക് കേരളത്തിലും വളരാന്‍ കഴിയുമെന്നും അല്ലാതെ മറ്റൊരു പാര്‍ട്ടിയുടെ കീഴില്‍ പോകേണ്ട അവസ്ഥയെ ആണ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്. പാര്‍ട്ടി സ്ഥാപിതമായപ്പോഴുള്ള താല്‍പര്യങ്ങളില്‍ നിന്ന് വളരെ വ്യതിയാനമുണ്ടാകുന്നുവെന്ന ആരോപണവും സജീവമാണ്. 2013ല്‍ ഈ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ ഒപ്പമുണ്ടെന്നും പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗം സഹിച്ചുവെന്നും എന്നിട്ടും ദേശീയ നേതൃത്വം ചെയ്തത് വലിയ ചതിയാണ് എന്നുമാണ് പല പ്രവര്‍ത്തകരുടേയും വികാരം. 2013 മുതല്‍ ആം ആദ്മിയില്‍ ഉണ്ട് മറ്റൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല. ഒരു പാട് സമയവും പണവും ഈ പാര്‍ട്ടിക്കായി നഷ്ടപെടുത്തി. ഇനി ഇല്ല. അക്രമ പാര്‍ട്ടിക്കും അഴിമതി പാര്‍ട്ടിക്കും വര്‍ഗീയ പാര്‍ട്ടിക്കും വോട്ട് ഇല്ല ഞങ്ങള്‍ നോട്ടക്ക് വോട്ട് ചെയ്യും .ആം ആദ്മി പാര്‍ട്ടിയുടെ പേര് പറഞ്ഞു ഇനി ആരും ഞങ്ങളില്‍ ആരെയും വിളിക്കാന്‍ പാടില്ല എന്നും പാര്‍ട്ടി വിട്ട് പോയ നേതാക്കള്‍ പറയുന്നു.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളാണ് ജയിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെജ്രിവാള്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്തിരുന്നു. വളരെ മികച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നും, പ്രളയം നേരിടുന്നതിലും, നവകേരള നിര്‍മ്മിതിയിലും കേരളസര്‍ക്കാര്‍ കാഴ്ചവെച്ചത് മികച്ച പ്രവര്‍ത്തനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ കഴിവുറ്റ മുഖ്യമന്ത്രിയാണെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ രൂപീകൃതമായ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിര്‍ണായക ശക്തിയാണ്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിലും പാര്‍ട്ടിയ്ക്ക് സ്വാധീനമുണ്ടെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പാര്‍ട്ടിയ്ക്ക് വിചാരിച്ച നേട്ടമുണ്ടാക്കാനായില്ല. പാര്‍ട്ടിയുടെ പ്രചാരത്തിനായി ഇപ്പോള്‍ കാര്യമായ ക്യാമ്പെയ്‌നുമില്ല. പ്രവര്‍ത്തകര്‍ കൂട്ടമായി പാര്‍ട്ടി വിട്ടു പോകുന്ന അവസ്ഥ ഉണ്ടായതോടെ കേരളത്തിലും പാര്‍ട്ടി അന്ത്യശ്വാസം വലിക്കുകയാണിപ്പോള്‍.

Related posts