ദക്ഷിണേന്ത്യൻ ആരാധകരുടെ ഇഷ്ടതാരമാണ് സായ് പല്ലവി. “ധൂം ധാം’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നതെങ്കിലും സായ് പല്ലവി തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയാകുന്നത് “പ്രേമം’ സിനിമയിലെ മലർ മിസിലൂടെയാണ്. പിന്നീട് താരം മലയാളത്തിനേക്കാള്‍ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്. ഈ തലമുറയിലെ നടിമാരിൽ ഏറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡുകൾ നേടുന്ന ഏക തെന്നിന്ത്യൻ നടിയെന്ന റിക്കാർഡും അടുത്തിടെ സായ് പല്ലവി സ്വന്തമാക്കിയിരുന്നു.
തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി ആരാധകരുള്ള സായ് പല്ലവി ആമിർ ഖാൻ നിർമിക്കുന്ന “ഏക് ദിൻ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. സായ് പല്ലവിയുടെ നായകനായി ഈ സിനിമയിലെത്തുന്നത് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനാണ്. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
കഴിഞ്ഞദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് ആമിര്‍ ഖാനും പങ്കെടുത്തിരുന്നു.ഇപ്പോഴിതാ ഷോയ്ക്ക് ശേഷം ബോളിവുഡിലെ ദ പെര്‍ഫക്ട് ഖാന് എന്നറിയപ്പെടുന്ന ആമിര്‍ ഖാന് സായി പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. വളരെ ഗംഭീരമായ അഭിനയമാണ് ചിത്രത്തില്‍ സായ് പല്ലവി കാഴ്ചവച്ചിരിയ്ക്കുന്നത്, എനിക്ക് തോന്നുന്നു ഇന്ന് നമ്മുടെ രാജ്യത്തിലെ ഏറ്റവും മികച്ച നടിയാണ് സായി പല്ലവി…
എന്നാണ് ആമിര്‍ ഖാന് പറഞ്ഞത്. ബോളിവുഡിന്റെ പെര്‍ഫക്ട് ഖാനില്‍ നിന്നുള്ള വാക്കുകള്‍ കേട്ട് നിറപുഞ്ചിരിയോടെ നില്ക്കുന്ന സായ് പല്ലവിയെ വീഡിയോയില്‍ കാണാം. ഈ വാക്കുകൾ സായി പല്ലവിക്കു വിലമതിക്കാന്‍ കഴിയാത്ത അംഗീകാരമായിരുന്നുവെന്ന് ദൃശ്യങ്ങളിലെ താരത്തിന്റെ മുഖഭാവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
