ഇനി കാറ്റും മഴയേയും പേടിക്കാതെ..! പ്ലാസ്റ്റിക് കൂരയിൽ നിന്നും ഭിന്നശേഷിക്കാരിയായ അഭിരാമിക്കും കുടുംബത്തിനും രക്ഷകരായി  റോട്ടറി ക്ലബ്

ചെങ്ങന്നൂര്‍: അഭിരാമിക്ക് ഇനി കാറ്റും മഴയും ഏല്‍ക്കാത്ത കെട്ടുറപ്പുള്ള ഭവനം സ്വന്തമാകാന്‍ പോകുന്നു. ജന്മനാ ഭിന്നശേഷിക്കാരിയായ ഒമ്പതു വയസുകാരി അഭിരാമിക്ക് ചെങ്ങന്നൂര്‍ റോട്ടറി ക്ലബ്ബാണ് പുതിയ ഭവനം നിര്‍മിച്ചു നല്‍കുന്നത്. ആലാ പഞ്ചായത്തിലെ കിണറുവിള കോളനിയില്‍ ബാല നിവാസില്‍ കൂലിപ്പണിക്കാരനായ എം.ആര്‍. അനീഷിന്റെയും പി.ആര്‍. ചിത്രയുടേയും രണ്ടാമത്തെ മകളാണ് അഭിരാമി.

ജന്മനാ ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് പെണ്ണുക്കര ഗവ. യുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ അഭിരാമി സര്‍വ ശിക്ഷാ അഭിയാന്റെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ചാണ് പഠനം നടത്തി വന്നിരുന്നത്. സ്‌കൂളില്‍ സ്ഥിരമായി വന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മകളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ ചിത്രയ്ക്ക് കഴിയില്ല. മൂത്തമകന്‍ ആദികേശ് ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്. നാലു സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഒരു കൂരയിലാണ് ഇവരുടെ താമസം.

കൂലിപ്പണിയില്‍ നിന്നും അനീഷിന് കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഇതു കൊണ്ട ് പുതിയ ഭവനം നിര്‍മിക്കാനോ നിലവിലുള്ളത് അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത അവസ്ഥയാണ്. ഭവനത്തിലെത്തി അഭിരാമിക്ക് വിദ്യാഭ്യാസം നല്‍കുന്ന ബിആര്‍സിയിലെ റിസോഴ്‌സ് അധ്യാപിക കെ.എ. മീനുവാണ് അഭിരാമിയുടെ അവസ്ഥ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ജി. നാഥിന്റെയും ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍ കേണല്‍ കെ.ജി. പിള്ളയുടേയും ശ്രദ്ധയില്‍പ്പെടുത്തിയത്.

ഇതേ തുടര്‍ന്ന് അഭിരാമിയുടെ ഭവനം സന്ദര്‍ശിച്ച് കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസിലാക്കിയ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ സ്വന്തമായി ഒരു ഭവനം നിര്‍മിച്ചു നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇന്നലെ ഭവനാങ്കണത്തില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ജി. നാഥ് അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍ കേണല്‍ കെ.ജി. പിള്ള, ലിയ സുരേഷ് മാത്യു, അഞ്ജന രാജേഷ്, പഞ്ചായത്തംഗം സി.എന്‍. ലീലാമ്മ, നഗരസഭ കൗണ്‍സിലര്‍ കെ. ഷിബുരാജന്‍, എസ്എസ്എ ബിപിഒ ജി. ബിനു, റിസോഴ്‌സ് അധ്യാപിക കെ.എ. മീനു, ഡോ. എം.ആര്‍. രാധാകൃഷ്ണന്‍, ഡോ. വിനയന്‍ എസ്. നായര്‍, ജി. മോഹന്‍കുമാര്‍, റെജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. അഞ്ചുമാസത്തിനുള്ളില്‍ ഭവനം പൂര്‍ത്തീകരിച്ച് നല്‍കാന്‍ കഴിയുമെന്ന് പ്രസിഡന്റ് രാജേഷ് ജി. നാഥ് പറഞ്ഞു.

 

Related posts