പേരൂർക്കട: ഗവ. ജില്ലാ ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ വാർഡിലെ ബെഡുകളിൽ പൂച്ചകളെയും ഒരു ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച കൈമാറും. ഇത് സംബന്ധിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ അറിയിച്ചു. റിപ്പോർട്ട് ഡിഎച്ച്എസിനാണ് കൈമാറുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് സംഭവം ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള കൂട്ടിരിപ്പുകാരുടെ വാർഡിൽ ഇട്ടിരിക്കുന്ന ബെഡുകളിൽ ചത്ത എലിയേയും ഉറങ്ങുന്ന പൂച്ചയെയും കണ്ടെത്തിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വൻ വിവാദമായി തീരുകയും സോഷ്യൽ മീഡിയകളിൽ ട്രോളുകളായി പ്രത്യക്ഷപ്പെടുകയും ചെയ്തതിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇടപെടുകയും അടിയന്തരമായി ശുചീകരണം നടത്താനും വിശദീകരണം നൽകാനും ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം അറ്റകുറ്റപ്പണിക്ക് വേണ്ടി അടച്ചിട്ട വാർഡ് ആണെന്നും അതിനുള്ളിൽ എങ്ങനെയോ പൂച്ചയും എലിയും കയറിയതാണെന്നുമാണ് ആശുപത്രി സൂപ്രണ്ട് നൽകിയ വിശദീകരണം.
രോഗികൾക്ക് ഡോക്ടറുടെ സേവനവും മരുന്നും ഇല്ലാതിരിക്കുമ്പോഴാണ് പൂച്ചയും എലിയും യഥേഷ്ടം വിഹരിക്കുന്നതെന്ന നിലയിലാണ് ട്രോളുകൾ കുമിഞ്ഞുകൂടിയത്. ആശുപത്രി സൂപ്രണ്ടിനോടും മറ്റുള്ള അധികാരികളോടും ഡിഎംഒ വിശദീകരണം ചോദിക്കുകയുണ്ടായി.വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച തന്നെ കൈമാറുമെന്ന് ഡിഎംഒ വ്യക്തമാക്കി.
