ആലപ്പുഴയില്‍ മാസം പ്രായമുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞ സംഭവത്തില്‍ പോലീസ് വിശദീകരണത്തിനെതിരെ മാതാവ് രംഗത്ത്

ആലപ്പുഴ ഹരിപ്പാട് പതിനൊന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട പോലീസ് വിശദീകരണം വ്യാജമെന്ന് മാതാവ്. കഴിഞ്ഞദിവസം സംഭവം സംബന്ധിച്ച പോലീസിന്റെ വിശദീകരണം ഒരു മാധ്യമത്തില്‍ വന്നതിനെതിരെയാണ് മാതാവ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയുവതിയുടെ രാമപുരത്തെ വീട്ടിലായിരുന്നു സംഭവം നടന്നത്.

വീട്ടിലെത്തി വഴക്കിനിടയില്‍ മാതാവിനെ മര്‍ദിക്കുകയും അമ്മയുടെ ഒക്കത്തിരുന്ന പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയെ പിതാവ് കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. കിണറിന് വല കെട്ടിയിരുന്നതിനാലാണ് കുഞ്ഞ് കിണറ്റിനുള്ളിലേക്ക് വീഴാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏറിന്റെ അഘാതത്തില്‍ കിണറിനുള്ളിലെ അരഞ്ഞാണഭിത്തിയില്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെയും മര്‍ദ്ദനമേറ്റ മാതാവിനെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ സ്‌കാനിംഗിനു വിധേയമാക്കി.

സംഭവം ഇതാണെന്നിരിക്കെ ക്രൂരത കാട്ടിയ പ്രതിയെ രക്ഷിക്കുവാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്നാണ് യുവതിയുടെ ആക്ഷേപം. ഇത്രയും ഗൗരവമേറിയ കേസ് തേച്ചു മായ്ച്ചു കളയുവാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് നീതി ലഭിക്കണം, അതിന് ഏതറ്റം വരെയും പോകാന്‍ തയാറാണ്. കേസുമായി മുന്നോട്ടു പോകുമെന്നും യുവതി രാഷ്ട്രദീപികയോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍ ബിനീഷ് (36) റിമാന്‍ഡിലാണ്.

Related posts