കേരളത്തിലെ പാര്‍ട്ടിയ്ക്ക് പണവും പദവിയുമെല്ലാം നല്‍കിയിട്ടും വോട്ട് മാത്രം ലഭിക്കുന്നില്ല! വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി സംസ്ഥാന ഘടകത്തിന് നല്‍കിയ 200 കോടിയുടെ കണക്ക് ആവശ്യപ്പെട്ട് അമിത് ഷാ

കേരളത്തിലെ ബിജെപിയുടെ പിന്നോട്ടുള്ള വളര്‍ച്ചയില്‍ അമിത് ഷാ അരിശം പൂണ്ടിരിക്കുകയാണെന്ന് തെളിയിക്കുന്ന ചില പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അടുത്തദിവസങ്ങളിലായി ഉണ്ടായി. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും മറ്റുമായി ബിജെപി സംസ്ഥാന ഘടകത്തിന് നല്‍കിയ കോടികളുടെ കണക്ക് ചോദിച്ചാണ് ഇപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രോഷപ്രകടനം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലുമാണ് അമിത്ഷാ കണക്കുചോദിച്ചത്.

കഴിഞ്ഞ ലോകസഭ, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം അനുവദിച്ച കോടികളുടെ കണക്ക് പത്ത് ജില്ലാ പ്രസിഡന്റുമാര്‍ ഇനിയും നല്‍കിട്ടില്ല. നല്‍കിയ ജില്ലകളിലെ കണക്കില്‍ പരക്കെ ക്രമക്കേടുണ്ടെന്നും പരാതി കിട്ടിയിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ് മണ്ഡലങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചത്.

ഉറപ്പായും ജയിക്കുന്ന മണ്ഡലംഎ, വിജയസാധ്യതയുള്ള മണ്ഡലംബി, നന്നായി പരിശ്രമിച്ച് വിജയിക്കേണ്ട മണ്ഡലംസി എന്നിങ്ങനെയാണ് തരം തിരിച്ചത്. എ വിഭാഗത്തിന് കുറഞ്ഞത് അഞ്ചുകോടിയും മറ്റ് മണ്ഡലങ്ങളില്‍ ഒരു കോടിയില്‍ കുറയാതെയുള്ള തുകയുമാണ് നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 200 കോടിയിലേറെ രൂപയാണ് കേരളത്തിലേക്ക് വഴിവിട്ട് ഒഴുക്കിയത്. ഇങ്ങനെ പണം ഒഴുക്കിയിട്ടും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും സ്വത്ത് കുത്തനെ വര്‍ധിച്ചുവെന്നും അമിത് ഷാ പരിഹസിച്ചു.

ആര്‍എസ്എസില്‍ നിന്നുള്ള മുന്‍ സംഘടനാ സെക്രട്ടറിയെ ബിജെപിയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയത് ഫണ്ട് തിരിമറി ആരോപിച്ചാണ്. സംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്ന് വിവിധ പരിപാടികള്‍ക്കുവേണ്ടി അനുവദിച്ച രണ്ടരക്കോടിയുടെ കണക്ക് നല്‍കാത്ത ജില്ലാ പ്രസിഡന്റുമുണ്ട്. കണക്ക് കാണിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്ക് പലതവണ നോട്ടീസ് അയച്ചെങ്കിലും മറുപടി നല്‍കിയിട്ടില്ല.

കേരളത്തിലെ പാര്‍ട്ടിക്ക് പണവും പദവിയുമെല്ലാം നല്‍കിയിട്ടും വോട്ടുമാത്രം ലഭിക്കുന്നില്ലെന്നും അമിത്ഷാ പറഞ്ഞു. ഗവര്‍ണര്‍, കേന്ദ്രമന്ത്രി, മൂന്ന് എംപിമാര്‍, എന്നീ സ്ഥാനങ്ങള്‍ കേന്ദ്രഭരണം ഉപയോഗിച്ച് നല്‍കി. ഇവയെല്ലാം നേതാക്കള്‍ സ്വന്തം വളര്‍ച്ചയ്ക്കും ഗ്രൂപ്പ് വളര്‍ത്താനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts