സിനിമയില്‍ മാത്രമല്ല, നഴ്‌സിംഗ് മേഖലയിലും പ്രശ്‌നങ്ങളുണ്ട്! അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നപ്പോള്‍ ജോലി പോലും നഷ്ടപ്പെട്ടിരുന്നു; അന്നാ രാജന്‍ വെളിപ്പെടുത്തുന്നു

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് രേഷ്മ അന്ന രാജന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ഓണം റീലീസായി എത്തിയ ലാല്‍ജോസ്- മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലും അന്ന തിളങ്ങി. മലയാള സിനിമയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ഇപ്പോള്‍ അന്ന നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ എത്തിപ്പെടുന്നതിന് മുമ്പും അതിനുശേഷവും നിരവധി പ്രതികൂല സാഹചര്യങ്ങളെ അന്നയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. നിരവധിയാളുകളുടെ കളിയാക്കലുകളും അന്ന അനുഭവിച്ചു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു നഴ്‌സ് കൂടിയായ തന്റെ ജിവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് അന്ന വെളിപ്പെടുത്തിയത്.

‘സിനിമയില്‍ മാത്രമല്ല, നഴ്സിംഗ് മേഖലയിലും കുറെ പ്രശ്നങ്ങള്‍ ഉണ്ട്. പക്ഷപാതം എല്ലായിടത്തുമുണ്ട്. പക്ഷെ അനീതി കണ്ടാല്‍ സൂപ്പീരിയറിനോട് പോലും ഞാന്‍ ചോദിക്കാറുണ്ട്. ചിലര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് എല്ലാ മേഖലയിലും ഉണ്ട.് അതൊരു വലിയ പ്രശ്‌നമായിട്ടാണ് ഞാന്‍ കാണുന്നത്. എല്ലാകാര്യങ്ങളും ഞാന്‍ ജോളിയായിട്ടേ എടുക്കാറുള്ളൂ. ചിലര്‍ ചോദിക്കാറുണ്ട് ഈ കാര്യമൊക്കെ എങ്ങനെ ഇത്ര സിംപിളായി കൈകാര്യം ചെയുന്നതെന്ന്. പിന്നെ ഞാന്‍ ടെന്‍ഷനടിച്ച് ചെയ്യണോ എന്ന് അവരോട് തിരിച്ച് ചോദിക്കും. ജീവിതത്തില്‍ ശബ്ദം ഉയര്‍ത്തേണ്ടിടത്ത് ഉയര്‍ത്തി സംസാരിക്കും. നോ എന്ന് പറയേണ്ടിടത്ത് നോ പറയുന്ന വ്യക്തിയാണ് ഞാന്‍. ആദ്യം സിനിമയില്‍ നിന്ന് വിളി വന്നപ്പോള്‍ അഭിനയിക്കാന്‍ പോണോ എന്ന് സംശയം തോന്നി. പക്ഷെ ഒരുപാട് പേര്‍ സിനിമയില്‍ എത്താന്‍ വേണ്ടി കഷ്പ്പെടുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ എനിക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടിയപ്പോള്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചു.

ലിച്ചിയെപ്പോലെ തന്നെ ബോള്‍ഡാണ് ഞാന്‍. സ്വന്തമായി അദ്ധ്വാനിച്ച് കുടുംബം നോക്കുന്ന, വീടൊക്കെ വയ്ക്കാന്‍ ശ്രമിക്കുന്ന ആളുതന്നെയാണ് ഞാനും . അങ്കമാലി ഡയറീസില്‍ അഭിനയിക്കാന്‍ രണ്ടുമാസത്തെ ലീവ് ചോദിച്ചിട്ട് നഴ്സുമാര്‍ ലീവ് തന്നില്ല. പിന്നെ ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഫാദറാണ് നീ ധൈര്യമായി പോക്കോ, പോയി രക്ഷപെട് എന്ന് പറഞ്ഞ് ലീവ് തന്നത്. തിരിച്ചു ചെന്നപ്പോള്‍ എന്നെ എമര്‍ജെന്‍സിയില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഓപ്പറേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പക്ഷെ സാലറിയും കുറഞ്ഞു, അവസാനം നഴ്സിംഗ് പണിയും ഇല്ല, സിനിമയും ഇറങ്ങിയിട്ടില്ല എന്ന ഘട്ടം വന്നപ്പോള്‍ എല്ലാവരും എന്നെ കളിയാക്കുന്ന അവസ്ഥ വന്നു. എനിക്ക് തെറ്റാണെന്ന് തോന്നിയാല്‍ ഞാനത് തുറന്ന് പറയും. നഴ്സുമാരുടെ ശമ്പളത്തിന് വേണ്ടിയുള്ള സമരത്തിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഞാന്‍ പങ്കെടുത്തിരുന്നു. അത് എന്റെ കടമയായിട്ടാണ് ഞാന്‍ കണ്ടത്’. അന്ന പറയുന്നു.

 

Related posts