തിരുവല്ല: ചാത്തങ്കരിയിൽ സാമൂഹ്യ വിരുദ്ധർ ഇരുനൂറോളം തെങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ചു. മൂന്നു മുതൽ ഏഴ് വർഷം വരെ പ്രായമുള്ള തെങ്ങിൻ തൈകൾ ആണ് നശിപ്പിക്കപ്പെട്ടത്.280 ഏക്കറോളം വരുന്ന ചാത്തങ്കരി പാടത്തിന്റെ ബണ്ടുകളിലായി വളർത്തിയിരുന്ന തെങ്ങിൻ തൈകളുടെ കൂമ്പും കുരുത്തോലയും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് സാമൂഹ്യവിരുദ്ധർ മുറിച്ചുനീക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
നെല്ല്, നാളികേര കർഷകരായ ചാത്തങ്കരി ചെരിപ്പേരിൽ വീട്ടിൽ തോമസ് ജോർജ് ( സന്തോഷ് ), ചെരിപ്പേരിൽ ചാണ്ടി തോമസ് (അച്ചൻകുഞ്ഞ്), ബാബു കൊല്ലകുഴി, ചെരിപ്പേരിൽ വിനോദ് സി.തോമസ്, പുത്തൻപുരയ്ക്കൽ മോൻസി എന്നിവരുടെ കൃഷിയാണ് ഒറ്റ രാത്രികൊണ്ട് നശിപ്പിക്കപ്പെട്ടത്.
ഏഴുവർഷം വരെ പ്രായമുള്ള തെങ്ങുകളുടെ ഇളം മടലുകൾ അടക്കം ചവിട്ടിയൊടിച്ച നിലയിലുമാണ്. കായ്ഫലം ലഭിച്ചുതുടങ്ങിയതും ചൊട്ട പൊട്ടുന്ന പാകത്തിലുള്ളതുമായ തെങ്ങുകളുടെ മണ്ട നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇതോടെ ഇത്രയും തെങ്ങുകൾ വളർച്ച മുരടിച്ച് പൂർണമായും നശിക്കും എന്നാണ് കർഷകർ പറയുന്നത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ശശി, മുൻ പ്രസിഡന്റ് ഏബ്രഹാം തോമസ്, കൃഷി ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.സംഭവം സംബന്ധിച്ച് കർഷകരുടെ പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പുളിക്കീഴ് എസ്ഐ പറഞ്ഞു.
