അന്യനായി ജീവന്‍ വെടിയുന്നവര്‍ ഇപ്പോഴും ഈ ലോകത്തുണ്ട്! ഭൂകമ്പത്തിനിടയില്‍ വിമാനം പറന്നുയരാന്‍ തുടങ്ങി, ജോലി അവസാനിപ്പിച്ച് രക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും വിമാന യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് അന്തോണിയസ് യാത്രയായി

ഭൂകമ്പത്തിലും പതറാതെ യാത്രാവിമാനത്തിനു വഴികാട്ടി ജീവന്‍ ത്യജിച്ച് ഇന്തോനേഷ്യന്‍ യുവാവ്. പാലു നഗരത്തിലെ അല്‍ജുഫ്രി വിമാനത്താവളത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോളറായി ജോലിചെയ്തിരുന്ന ഇരുപത്തൊന്നുകാരന്‍ അന്തോണിയസ് ഗുണവാംഗ് അഗംഗ് ആണ് അസാധാരണ ധൈര്യം പ്രകടിപ്പിച്ചത്.

വെള്ളിയാഴ്ച സുലവേസി ദ്വീപ് തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ വിറയ്ക്കുമ്പോള്‍ വിമാനത്താവളത്തില്‍ ജോലിയിലായിരുന്നു അന്തോണിയസ്. ഈ സമയത്താണ് ബാതിക് എയര്‍ കന്പനിയുടെ ഫ്‌ലൈറ്റ് 6231 വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നത്. ജീവന്‍ രക്ഷിക്കാന്‍ ഓഫീസ് വിടണമെന്ന് സഹപ്രവര്‍ത്തകര്‍ അന്തോണിയസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, വിമാനം സുരക്ഷിതമായി ആകാശത്തേക്ക് ഉയര്‍ന്നിട്ടേ താന്‍ ജോലി നിര്‍ത്തൂ എന്ന് ഇദ്ദേഹം പറഞ്ഞു.

വിമാനം സുരക്ഷിതമായി പറന്നുയര്‍ന്നപ്പോഴേക്കും ശക്തമായ ഭൂചലനം ഓഫീസ് കെട്ടിടത്തെ കുലുക്കി. നാലുനിലക്കെട്ടിടത്തില്‍നിന്ന് താഴേക്കു ചാടി രക്ഷപ്പെടാന്‍ അന്തോണിയസ് ശ്രമിച്ചു. കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടന്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇവിടെ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. ഹെലികോപ്റ്ററില്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ക്കിടെ അന്തോണിയസ് ജീവന്‍ വെടിഞ്ഞു. അന്തോണിയസിനെ ദേശീയഹീറോയായി പലരും വാഴ്ത്തി.

Related posts