പി.വി.അൻവർ എംഎൽഎയുടെ പാർക്കിലെ കുളങ്ങൾ വറ്റിക്കാൻ ഉത്തരവ്; രണ്ടു ലക്ഷത്തോളം ലിറ്റർ വെള്ളമാണ് അപകടകരമായ രീതിയിൽ ശേഖരിച്ചു വരിച്ചിരിക്കുന്നത്

മലപ്പുറം: കക്കാടംപൊയിലിലെ പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിലെ നാല് കുളങ്ങളും വറ്റിക്കാൻ ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്താണ് ഉത്തരവിട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് നാല് കുളങ്ങളിലുമായി രണ്ടു ലക്ഷത്തോളം ലിറ്റർ വെള്ളമാണ് അപകടകരമായ രീതിയിൽ ശേഖരിച്ചു വരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഉരുൾപൊട്ടലുണ്ടായി 14 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിലെ അനധികൃത ജലശേഖരത്തെക്കുറിച്ച് വിവരം പുറത്തായത്. ഉടൻ തന്നെ വിവിധ വകുപ്പുകൾ പരിശോധനയ്ക്ക് നിർദ്ദേശം നൽകുകയും പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടിക്ക് മുൻപ് തന്നെ പഞ്ചായത്ത് അധികൃതർ അടിയന്തരമായി കുളങ്ങൾ വറ്റിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ പാർക്കിനുള്ളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. പാർക്കിൽ നിർമിച്ചിരിക്കുന്ന ജലസംഭരണിക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. പാർക്കിന്‍റെ താഴ്ഭാഗത്താണ് കുളങ്ങൾ നിർമിച്ചിരിക്കുന്നത്.

Related posts