ലാലേട്ടനെ നേരിട്ട് കാണുന്നതിന് മുമ്പ് രണ്ടുതവണ കുളിച്ചു! എന്നെ കണ്ടയുടന്‍ അപ്പാനി ഇങ്ങ് അടുത്തുവരൂ എന്നു പറഞ്ഞാണ് വിളിച്ചത്; അപ്പാനി രവി എന്ന ശരത്കുമാര്‍ പറയുന്നു

ശരത്കുമാര്‍ എന്നാണ് ശരിയായ പേരെങ്കിലും അപ്പാനി രവി എന്നുപറഞ്ഞാലേ ഇദ്ദേഹത്തെ മലയാളികള്‍ അറിയൂ. ലിജോ ജോസിന്റെ അങ്കമാലി ഡയറീസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് അപ്പാനി രവി. ലാല്‍ ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു അപ്പാനി രവിക്ക്. ലാലേട്ടന്റെ കടുത്ത ആരാധകനായ അപ്പാനി അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിങ്ങനെ…

ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധകനാണ്. ജീവിതത്തില്‍ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയോടൊപ്പം മുഴുനീള വേഷം ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. അദ്ദേഹം സെറ്റില്‍ എത്തിയ ആദ്യ ദിവസം ഞാന്‍ അവിടെ ഇല്ലായിരുന്നു. ലാല്‍ജോസ് സാറിനോട് ലാലേട്ടന് അപ്പാനി രവി അല്ലേ കൂടെ അഭിനയിക്കുന്നത്, അവന്‍ എവിടെ എന്ന് തിരക്കിയെന്ന് സാര്‍ പറഞ്ഞു. അതൊക്കെ കേട്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ തലേദിവസം ഭയങ്കര ടെന്‍ഷനായിരുന്നു. അദ്ദേഹത്തിനെ കാണുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കുളിച്ചു. അത് എന്തിനാണെന്ന് എനിക്കറിയില്ല.

നരസിംഹത്തിലെ ‘നിങ്ങളെയും ഗുരുവായൂരപ്പനെയുമൊക്കെ കൂടുതല്‍ തവണ എന്തിനാ കാണുന്നത്, ആദ്യം കാണുമ്പോള്‍ തന്നെ മനസിലങ്ങ് കയറുകയല്ലേ?’ എന്ന ഡയലോഗാണ് എനിക്ക് ഓര്‍മ്മവന്നത്. അത്തരം ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്. ഭാഗ്യത്തിന് അദ്ദേഹത്തിനോടൊപ്പമുള്ള ഡയലോഗ് ആദ്യ ഷോട്ടില്‍ തന്നെ ശരിയായി. മോഹന്‍ലാല്‍ എന്ന വ്യക്തിയെ പരിചയപ്പെട്ടപ്പോള്‍ താരത്തോടുള്ള ഇഷ്ടം കൂടി. മറ്റുള്ളവര്‍ക്കാണ് അദ്ദേഹം താരം. അദ്ദേഹത്തിന് സ്വയം താന്‍ ഒരു താരമാണെന്ന ഭാവമേയില്ല, വളരെ സാധാരണക്കാരനായിട്ടാണ് എല്ലാവരോടും ഇടപെടുന്നത്. ഒരുപാട് പുതുമുഖങ്ങളുള്ള ചിത്രമാണ് വെളിപാടിന്റെ പുസ്തകം. സെറ്റില്‍ ഞങ്ങളിലൊരാളായിട്ടാണ് ലാലേട്ടന്‍ പെരുമാറിയത്.

ഞങ്ങളോടൊപ്പം ചേര്‍ന്ന തമാശപറയാനും രസിക്കാനുമൊക്കെ അദ്ദേഹവും കൂടുമായിരുന്നു. കൂടെ നില്‍ക്കുന്നവരെ വളരെയധികം സപ്പോര്‍ട്ട് ചെയ്യും, അവരെക്കൂടെ ഫ്രെയിമില്‍ ഉള്‍പ്പെടുത്തികൊണ്ട് അഭിനയിക്കാനാണ് അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നത്. എനിക്ക് അത്ഭുതം തോന്നിപ്പോയി ഇത്ര തിരക്കുള്ള സൂപ്പര്‍താരമായ ആള്‍ക്ക് എങ്ങനെയാണ് ഇത്രമാത്രം കൂള്‍ ആയിട്ടിരിക്കാന്‍ സാധിക്കുന്നതെന്ന്. ചിരിച്ച മുഖത്തോടെയല്ലാതെ ലാലേട്ടനെ സെറ്റില്‍ കണ്ടിട്ടേയില്ല. ഇപ്പോള്‍ എന്ത് ടെന്‍ഷന്‍ വന്നാലും ഞാന്‍ ലാലേട്ടനെയാണ് ഓര്‍ക്കുന്നത്. ആ മുഖം ഓര്‍ക്കുമ്പോള്‍ തന്നെ എല്ലാ ടെന്‍ഷനും പമ്പകടക്കും. എന്നെ കണ്ടയുടന്‍ അപ്പാനി ഇങ്ങ് അടുത്തുവരൂ എന്നു പറഞ്ഞാണ് വിളിച്ചത്. തോളില്‍തട്ടി അങ്കമാലി സിനിമ കണ്ടു, നന്നായിരുന്നു എന്നു പറഞ്ഞു.

 

 

 

 

 

 

Related posts