മീറ്ററിനെ നോക്കുകുത്തിയാക്കി കൂടുതല്‍ പണം ആവശ്യപ്പെട്ടു ! ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ക്ക് ആര്‍ടിഒ നല്‍കിയത് നല്ല കിടിലന്‍ പണി; ഇത് എല്ലാവര്‍ക്കും ഒരു പാഠം…

മീറ്റര്‍ റീഡിംഗില്‍ കൂടുതല്‍ പണം വാങ്ങുന്ന പല ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെല്ലാം ഒരു പാഠമാകുകയാണ് ഈ സംഭവം. അമിത ചാര്‍ജ്ജ് ഈടാക്കിയ ഓട്ടോക്കാരന് നല്ല എട്ടിന്റെ പണിയാണ് കിട്ടിയത്. ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പി.സി. കുര്യാച്ചന് 25 മുതല്‍ 27 വരെ ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കാന്‍ ആര്‍ടിഒ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡ്രൈവറുടെ അഭ്യര്‍ഥന മാനിച്ചാണ് ആശുപത്രി സേവനം ഓണത്തിനു ശേഷമാക്കിയത്.

കഴിഞ്ഞ 23നാണ് സംഭവം. മീറ്ററില്‍ 28 രൂപ കാണിച്ചപ്പോള്‍ 30 രൂപ കൊടുത്തു. എന്നാല്‍ 40 രൂപ വേണമെന്നായി ഓട്ടോ ഡ്രൈവര്‍. ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ പരസ്യമായി ആക്ഷേപിച്ചു. തുടര്‍ന്ന് യാത്രക്കാരന്‍ ആര്‍ടിഒ കെ മനോജ്കുമാറിന് പരാതി നല്‍കി. പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കാര്യം ശരിയാണെന്ന് ബോധ്യമായി. ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി. ഡ്രൈവിംഗ് ലൈസെന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് വ്യക്തമാക്കി.

ആശുപത്രി സേവനത്തിനു സന്നദ്ധനാണെങ്കില്‍ സസ്പെന്‍ഷന്‍ നടപടി വേണ്ടെന്നു വയ്ക്കാമെന്നും അറിയിച്ചു. രോഗീപരിചരണം നടത്താമെന്നു ഡ്രൈവര്‍ സമ്മതിക്കുകയും ചെയ്തു. ആശുപത്രിയില്‍ സേവനം നടത്തിയ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകുമ്പോള്‍ ലൈസന്‍സിന്മേലുള്ള നടപടി അവസാനിപ്പിക്കുമെന്ന് ആര്‍ടിഒ പറഞ്ഞു. എന്തായാലും അമിത ചാര്‍ജ് ഈടാക്കുന്നവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഈ നടപടി.

Related posts