തമിഴ്നാടൻ കൊള്ളപലിശസംഘം വീണ്ടും അതിർത്തിഗ്രാമങ്ങളിൽ

bank

ചിറ്റൂർ: രണ്ടുവർഷംമുമ്പ് യുഡിഎഫ് സർക്കാർ ഓപ്പറേഷൻ കുബേര ആവിഷ്കരിച്ചതോടെ അതിർത്തികടന്ന കൊള്ളപലിശസംഘം വീണ്ടും താലൂക്കിൽ തിരിച്ചെത്തിയിരിക്കുകയാണ്.മുമ്പ് കുടുംബനാഥൻമാർക്കാണ് വായ്പ നൽകിയിരുന്നത്.ഇപ്പോൾ ഗ്രാമീണ മേഖലയിലുള്ള വീട്ടമ്മമാർക്കാണ് കൊള്ളപലിശ നിരക്കിൽ പണം നൽകിവരുന്നത്. വീട്ടമ്മമാരോട് പലിശയ്ക്കു പണം നൽകുന്നത് പുറത്തറിയിക്കാൻ പാടില്ലെന്ന് സത്യം ചെയ്യിക്കാറുമുണ്ട്.ആഴ്ചയിലൊരു ദിവസമാണ് പണപ്പിരിവിന് ഗ്രാമങ്ങളിൽ ഇരുചക്രവാഹനങ്ങളിലെത്തുന്നത്.

കൃത്യമായി തിരിച്ചടവു നടത്താത്തവരെ ഭീഷണിപ്പെടുത്താനായി പണം പിരിവിനെത്തുന്നയാൾ സഹായത്തിനു മറ്റൊരാളേയും കൊണ്ടുവരികയാണ്.500 രൂപ മുതൽ 3000 രൂപവരെയാണ് കൂട്ടുപലിശ നിരക്കിൽ പണം നൽകുന്നത്. താലൂക്കിനകത്ത് ചെക്ക്ലീഫ്,വാഹനങ്ങളുടെ ആർ.സി ബുക്ക് എന്നിവ പണയവസ്തുവായി സ്വീകരിച്ച് പണം നൽകുന്നവരെ പിടികൂടാൻ പോലീസ് ജാഗ്രത പാലിക്കാറുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ നിർധന കുടുംബങ്ങളിൽ നിന്നും കൊള്ളപലിശ ഈടാക്കി ബുദ്ധിമുട്ടിക്കുന്ന തമിഴ്നാട് വ്യാപാരികളെ പിടികൂടാൻ ഉത്സാഹം കാണിക്കാറില്ലെന്നും പരക്കെ ആരോപണമുണ്ട്.

മുതലമട നെണ്ടൻകീഴായയിൽ പണം തിരിച്ചടയ്ക്കാനാവാതെ പലിശക്കാരന്റെ ഭീഷണിഭയന്ന് ദമ്പതിമാർ ഒരുകുട്ടിയുമൊന്നിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയിരുന്നു.

ഇതിൽ അഞ്ചുവയസുകാരി ബാലിക മരണപ്പെട്ടിരുന്നു. പൊള്ളാച്ചി, കിണത്തുകടവ്, ഉടുമലൈപ്പേട്ട, കോയമ്പത്തൂർ തുടങ്ങിയവിടങ്ങളിൽ നിന്നുമാണ് കൊള്ളപലിശസംഘം താലൂക്കിലെത്തുന്നത്. ജൂൺ,ജൂലൈ ,ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇക്കൂട്ടരുടെ വരവ്.

Related posts