കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക്, സേവ് അവര്‍ സിസ്റ്റേഴ്്‌സ് സമരം തുടങ്ങി, ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം കഴിയുന്നതു ആരോപണത്തില്‍ മിതത്വം പാലിക്കണമെന്ന് രൂപത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്കു കടന്നു. കൊച്ചിക്ക് പുറമെ സെക്രട്ടേറിയറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിച്ചു. കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കൊച്ചിക്കു പുറമെ സെക്രട്ടേറിയറ്റിനു മുന്നിലും സമരം തുടങ്ങുമെന്നാണ് സന്യാസിസമൂഹ സംരക്ഷണ വേദി അറിയിച്ചിരിക്കുന്നത്.

കൊച്ചിയില്‍ സമരത്തിനു പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. വുമണ്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങളും സമരത്തെ പിന്തുണച്ചെത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ മുന്നില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ മുതല്‍ സമരം ആരംഭിച്ചു. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രാവിലെ പിന്തുണയുമായി സമരപന്തലിലെത്തി.

അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണം അദ്ദേഹത്തെയും സഭയെയും തകര്‍ക്കാനുള്ള ഗൂഢാലോചനയെന്നു ജലന്ധര്‍ രൂപത. അന്വേഷണം കഴിയുന്നതു വരെ മാധ്യമ വിചാരണയില്‍ മിതത്വം പാലിക്കണമെന്നും പത്രക്കുറിപ്പില്‍ രൂപത അഭ്യര്‍ഥിച്ചു.
ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആലോചിച്ചതാണെന്നും എന്നാല്‍ സഹവൈദികരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാജിയില്‍ നിന്നു പിന്‍വാങ്ങിയതെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി.

മാധ്യമ വിചാരണയിലൂടെ സഭയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ചിലരുടെ ശ്രമം. ആരോപണം തെളിയുന്നതു വരെ മിതത്വം പാലിക്കാനെങ്കിലുമുള്ള മര്യാദ മാധ്യമങ്ങള്‍ കാട്ടണം. കുറ്റാരോപിതന്‍ കത്തോലിക്കാ മെത്രാന്‍ ആയതിനാലാണോ ഇത്. കുറ്റം തെളിയുന്നതു വരെ ആരും കുറ്റവാളിയാകില്ലെന്നതാണ് നിയമവ്യവസ്ഥ പറയുന്നത്. അന്വേഷണത്തോട് ബിഷപ് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ഇനിയും സഹകരിക്കും.

പരാതിക്കാരിയായ സഹോദരിയുടെ മൊഴിയും ബിഷപ്പിന്റെ മൊഴിയും തമ്മില്‍ വൈരുധ്യങ്ങളുണ്ട്. അതു പരിശോധിച്ച് നിജസ്ഥിതി കണ്ടെത്താനെങ്കിലും കഴിയണം- ജലന്ധര്‍ രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുംപുറം പ്രസ്താവനയില്‍ പറഞ്ഞു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി കന്യാസ്ത്രീ അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി. ബിഷപ് ഫ്രാങ്കോയും ഇന്നലെ ഒരു ദേശീയ മാധ്യമത്തിലെ അഭിമുഖത്തില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു.

തനിക്കും സഭയ്ക്കുമെതിരേ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിനു മുന്നില്‍നിന്ന് താന്‍ ഒളിച്ചോടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീ പറയുന്നത് അവാസ്തവമാണെന്നു തെളിവുകള്‍ പരിശോധിച്ചാല്‍ മനസിലാകും. ആരോപണം ഉയര്‍ന്ന ഉടെ താന്‍ ബിഷപ് സ്ഥാനത്തുനിന്ന് മാറാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, സഹവൈദികര്‍ അതിനു സമ്മതിച്ചില്ല. സഭയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള മാധ്യമവിചാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts