ബിഷപ് ഫ്രാങ്കോയെ ഹാജരാക്കുക പാല കോടതിയില്‍, പ്രഭാത ഭക്ഷണം നല്കിയത് പോലീസ് ക്ലബില്‍ വച്ച്, കോട്ടയത്ത് മാധ്യമപ്പട

കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തശേഷം പാലാ കോടതിയിലേക്കു കൊണ്ടു പോയി. ആശുപത്രിയില്‍ നിന്നും കോട്ടയം പോലീസ് ക്ലബില്‍ എത്തിച്ചശേഷം അവിടെ നിന്നുമാണു പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ഇന്നലെ രാത്രിയില്‍ തൃപ്പുണിത്തുറയില്‍ നിന്നും കോട്ടയം പോലീസ് ക്ലബിലേക്കുള്ള യാത്രയിലാണു ഡോ. ഫ്രാങ്കോ മുളയ്ക്കലിനു നെഞ്ചു വേദന അനുഭവപ്പെട്ടത്.

ഇന്നലെ രാത്രി 11നാണു പോലീസ് സംഘം ഡോ. ഫ്രാങ്കോയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നു കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഫ്രാങ്കോയെ പരിശോധനകള്‍ക്കു വിധേയമാക്കി.

ആറു മണിക്കൂര്‍ കാര്‍ഡിയോളജി നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ അദേഹത്തിനു രക്തസമ്മര്‍ദം വളരെ കൂടുതലായിരുന്നു. ഇസിജി പരിശോധനയിലും വ്യത്യാസമുണ്ടായിരുന്നു. ഇന്നു രാവിലെ ഡോക്്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഡോ. ഫ്രാങ്കോയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പ്രായത്തിന്റെതായ അവശതകള്‍ മാത്രമാണുള്ളതെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നു കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ് ഡോ. ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡോ. ഫ്രാങ്കോ മുളയ്ക്കലുമായി രവിലെ 9.45 പുറപ്പെട്ട പോലീസ് സംഘം 10മണിയോടെയാണു കോട്ടയം പോലീസ് ക്ലബില്‍ എത്തിയത്. ഇവിടെ വച്ചു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു പ്രഭാത ഭക്ഷണം നല്കിയശേഷമാണു പാലാ കോടതിയിലേക്കു കൊണ്ടു പോയത്. മെഡിക്കല്‍ കോളജ് പരിസരത്തും കോട്ടയം പോലീസ് ക്ലബിലും പാലാ മജിസ്‌ട്രേറ്റ് കോടതി പരിസരത്തും വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്.

Related posts