ബ്‌ളാസ്‌റ്റേഴ്‌സിനു ജര്‍മന്‍ ആരാധിക

blasters-jermanകൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആരാധകരുണ്ട്. എന്നാല്‍ ജര്‍മനിയില്‍ ജനിച്ച മോണിക്ക അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. ബുണ്ടസ് ലിഗ ഫുട്‌ബോളിന്റെ നാടായ ജര്‍മനിയില്‍ നിന്നു ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ച ആരാധികയാണ് മോണിക്ക ഹാനര്‍. ബയേണ്‍ മ്യൂണിക്കിന്റെ കടുത്ത ഫാനായിരുന്ന മോണിക്ക കേരളത്തില്‍ സ്ഥിര താമസമാക്കിയശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധികയാവുന്നത്. ബയേണിന്റെ ഫാന്‍ ക്ലബ്ബിലും ഇവര്‍ക്ക് അംഗത്വമുണ്ട്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിനു സമീപം മോമ്പ്രിസ് ഗ്രാമത്തില്‍ നിന്നുള്ള മോണിക്ക കഴിഞ്ഞ രണ്ടു സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ ഒന്നു പോലും വിടാതെ കാണാറുണ്ട്.

എന്നാല്‍ ഇത്തവണ അസുഖം കാരണം സെമിഫൈനല്‍ കാണാനാവാതെപോയതിന്റെ സങ്കടത്തിലാണ് ഇവര്‍. കൊച്ചിയില്‍ താമസിക്കുന്ന സുഹൃത്ത് മനുവാണ് ഈ 57കാരിയെ ആദ്യമായി ഐഎസ്എല്‍ മത്സരം കാണാനായി ക്ഷണിച്ചത്. ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും തമ്മില്‍ കഴിഞ്ഞ സീസണിലെ ആദ്യ മത്സരമായിരുന്നു അത്. സ്‌റ്റേഡിയത്തിലെ അന്തരീക്ഷവും ആരാധക പിന്തുണയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങളുടെ ജീവനെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ജര്‍മനിയില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മോണിക്ക 1989ലാണ് ആദ്യമായി കേരളത്തിലെത്തുന്നത്. പിന്നീട് 1978 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 20 തവണയോളം മോണിക്ക കേരളത്തില്‍ വിനോദസഞ്ചാരിയായെത്തിയ അവര്‍ ഒടുവില്‍ 2014 ഏപ്രിലില്‍ കേരളത്തില്‍ സ്ഥിരതാമസമാക്കി. ആദ്യ ഒരു മാസം വര്‍ക്കലയിലായിരുന്നു. പിന്നീടങ്ങോട്ട് കടലോരത്തിന്റെ മാധുര്യം നുകരാനായി കോവളത്തേക്കു താാമസം മാറി. ഇന്നലെ നടന്ന ഐഎസ്എല്‍ സെമി കാണാനെത്തിയില്ലെങ്കിലും തന്റെ മനസ് കൊമ്പന്മാര്‍ക്കൊപ്പമുണ്ടെന്നും നമ്മുടെ ടീം ഫൈനല്‍ കളിക്കുമെന്നുമാണ് മോണിക്ക പറയുന്നത്. ഐഎസ്എല്‍ കപ്പ് മോഹവുമായി കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കാന്‍ അന്നു താന്‍ സ്‌റ്റേഡിയത്തിലുണ്ടാകുമെന്നും ഈ വിദേശവനിത പറയുന്നു.

ബേസില്‍ ആലങ്ങാടന്‍

Related posts