‘ബോചെ’യുടെ കളികള്‍ മലയാളികള്‍ കാണാനിരിക്കുന്നതേയുള്ളൂ ! ഡോണള്‍ഡ് ട്രംപിന്റെ ‘റോള്‍സ് റോയ്‌സ്’ ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; ഈ കാര്‍ ട്രംപിന് ഏറ്റവും പ്രിയപ്പെട്ടത്…

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍ ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണെന്ന് ബോബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

മുമ്പ് ഇതു സംബന്ധിച്ച് വന്ന വാര്‍ത്തയെ ശരിവെയ്ക്കുന്നതാണ് ബോബിയുടെ വാക്കുകള്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍.

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതു വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്‌സൈറ്റായ മേകം ഓക്ഷന്‍സില്‍ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്.

2010 മോഡല്‍ ബ്ലാക്ക് നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി രൂപ വരെയാണ് ഇതിന് വില വരുന്നത്.

”എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക്,” എന്ന് ട്രംപ് സൈന്‍ ചെയ്ത ഓട്ടോഗ്രാഫും ഈ റോള്‍സ് റോയ്‌സ് വാങ്ങുന്നവര്‍ക്ക് ലഭിക്കുമെന്നാണ് പ്രത്യേകത.നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബരവാഹനം ഓടിയിട്ടുള്ളത്.

2010-ല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയ 537 യൂണിറ്റുകളില്‍ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വില.

തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയ അത്യാഡംബര ഫീച്ചറുകളും ഈ ഫാന്റത്തിനുള്ളില്‍ ഒരുങ്ങിയിട്ടുണ്ട്. കരുത്തേറിയ 6.75 ലിറ്റര്‍ വി-12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഇത് 453 ബി.എച്ച്.പി.പവറും 720 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ റോള്‍സ് റോയ്‌സ് വാങ്ങാന്‍ ഒരുങ്ങുന്നു. #bobychemmanur #rollsroyce

https://www.facebook.com/bobychemmanurofficial/posts/3364780356967437

Related posts

Leave a Comment