ഒറ്റയ്ക്ക് ലോകം മുഴുവൻ സഞ്ചരിക്കുന്ന ധാരാളം ആളുകളുണ്ട്. നമ്മൾ പോകുന്ന സ്ഥലം പൂർണമായും സുരക്ഷിതത്വം നൽകുന്നുണ്ടെന്ന് നമുക്ക് ഒരിക്കലും ഉറപ്പ് പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലാൻഡിൽ നിന്നുള്ള ഒരു യുവതിയാണ് താൻ നേരിട്ട അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
നതാലിസി തക്സിസിക്ക് എന്ന യുവതിയാണ് ജപ്പാനിൽ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ജപ്പാന്റെ സുരക്ഷ കണക്കിലെടുത്താണ് യുവതി തന്റെ യാത്രയ്ക്കായി ആ രാജ്യം തിരഞ്ഞെടുത്തത്. എന്നാൽ അവിടെയെത്തി താമസിക്കുന്നതിനായി ഒരു ഹോട്ടൽ ബുക്ക് ചെയ്തു. ഹോട്ടൽ മുറിക്കുള്ളിൽ കയറിയപ്പോഴാണ് യുവതിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
ഹോട്ടലിൽ കീ കാർഡ് സിസ്റ്റം ആയിരുന്നു. അതിനാൽത്തന്നെ സുരക്ഷാ കാര്യത്തിൽ യാതൊരു ഭയവും തനിക്ക് വേണ്ടന്നുള്ള കാര്യത്തിൽ യുവതിക്ക് അമിത വിശ്വാസമായിരുന്നു. മുറിയിൽ കയറി എല്ലാം ഒന്ന് ഓടിച്ച് നോക്കിയപ്പോഴാണ് കട്ടിലിന് താഴെയായി ഒരാൾ ഇരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. പേടിച്ച് പോയ യുവതി ഇക്കാര്യം ഉടൻതന്നെ ഹോട്ടൽ ജീവനക്കാരെ അറിയിച്ചു. അപ്പോഴേക്കും മുറിക്കുള്ളിൽ ഉണ്ടായിരുന്ന വ്യക്തി ഇറങ്ങി ഓടിയിരുന്നു.
പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും എല്ലാ സ്ഥലവും പരിശോധിക്കുകയും ചെയ്തു. സിസിടിവി തകരാറിലായതിനാൽ അവിടുത്തെ ദൃശ്യങ്ങൾ പരിശോധിക്കാൻ സാധിച്ചില്ല. അത് യുവതിയെ നന്നേ നിരാശയാക്കി.
പിന്നെ ഒരു നിമിഷം പോലും ആ ഹോട്ടലിൽ തങ്ങാൻ യുവതിക്ക് മനസ് അനുവദിച്ചില്ല. മറ്റൊരു ഹോട്ടലിലേക്ക് ഇവർ പോയി. എന്നാൽ തനിക്ക് ഇത്രയും പ്രശനങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടും ഹോട്ടലുകാർ തന്റെ കൈയിൽ നിന്ന് വാങ്ങിയ പണം മുഴുവൻ റിഫണ്ട് ചെയ്തില്ലന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് യുവതി പറഞ്ഞു.