ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാര, ഇനി സൽമാൻ ഖാന്റെ നായികയാവും.ബോളിവുഡിന്റെ സ്വന്തം ഭായി ജാൻ സൽമാൻ ഖാനും തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിക്കുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് നയൻതാരയുടെ ബോളിവുഡിലേക്കുള്ള രണ്ടാം വരവ് ഔദ്യോഗികമായി അറിയിച്ചത്. “റാണി വന്നെത്തിയിരിക്കുന്നു, വൈവിധ്യത്തിന്റെയും മികവിന്റെയും പ്രതീകമായ നയൻതാര -സൽമാൻ ഖാൻ-വംശി പൈഡിപ്പള്ളി ചിത്രത്തിൽ ചേരുന്നു…’ എന്ന കുറിപ്പോടെയാണ് നിർമാണ കമ്പനി താരത്തെ സ്വാഗതം ചെയ്തത്.
ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാര, സൽമാൻ ഖാനൊപ്പം എത്തുന്നതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായി ഇതു മാറുകയാണ്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം സൽമാൻ ഖാൻ തന്നെയാണു നടത്തിയത്.
“ദിൽ, ദിമാഗ്, ജിഗർ- ഈ ഏപ്രിൽ മുതൽ വംശി പൈഡിപ്പള്ളിക്കും ദിൽ രാജുവിനുമൊപ്പം’ എന്നായിരുന്നു സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൽമാൻ കുറിച്ചത്. വംശി പൈഡിപ്പള്ളിയും ദിൽ രാജുവും സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നത് ഇതാദ്യമാണെങ്കിലും, പൈഡിപ്പള്ളിയും ദിൽ രാജുവും മുൻപ് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചിട്ടുണ്ട്. വിജയ് നായകനായ വാരിസ്, രാം ചരൺ ചിത്രം യേവഡു എന്നിവ ഈ കൂട്ടുകെട്ടിൽ പിറന്ന ശ്രദ്ധേയമായ സിനിമകളാണ്.
സൽമാൻ ഖാനും നയൻതാരയും സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. രണ്ട് വലിയ സിനിമാ വ്യവസായങ്ങളിലെ സൂപ്പർതാരങ്ങൾ ഒന്നിക്കുമ്പോൾ ഒരു മാസ് എന്റർടെയ്നർ തന്നെയാകും വംശി പൈഡിപ്പള്ളി ഒരുക്കുകയെന്നാണു സിനിമാ ലോകത്തെ വിലയിരുത്തൽ. പ്രശസ്ത നിർമാതാക്കളായ ശിരീഷ്, കുൽദീപ് റാത്തോർ തുടങ്ങിയവരും ഈ വലിയ പ്രോജക്റ്റിന്റെ ഭാഗമാണ്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
