ലൈംഗിക സദാചാരം; സദാചാര പോലീസിംഗിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അശ്ലീലത കുത്തിനിറച്ച് എസ്എഫ്‌ഐയുടെ കോളജ് മാഗസിന്‍; സംഭവം മുഖ്യമന്ത്രിയുടെ സ്വന്തം ബ്രണ്ണന്‍ കോളജില്‍

pellat600കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പേരുകേട്ട വ്യക്തികള്‍ പഠിച്ചിറങ്ങിയ കലാലയമാണ് തലശ്ശേരി ബ്രണ്ണന്‍ കോളജ്. എസ്എഫ്‌ഐയുടെ കുത്തകയായി ബ്രണ്ണന്‍ കോളേജ് മാറുന്നത് തന്നെ പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഈ കോളേജില്‍ വിദ്യാഭ്യാസം നടത്തുന്ന വേളയിലാണ്. പിണറായി വിജയന്റെ പിന്മുറക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഏറെ ശോഭിച്ചിട്ടുണ്ട് ഈ കോളേജില്‍. എന്നാല്‍, ഇന്ന് കുട്ടിസഖാക്കളുടെ പുരോഗമനം വികലമായ ചിന്തയിലേക്ക് കടക്കുന്നു എന്ന ആക്ഷേപങ്ങള്‍ സാധൂകരിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ കോളേജ് മാഗസിന്‍.

കേന്ദ്രസര്‍ക്കാരിനോടും സംഘപരിവാര്‍ സംഘടനകളോടുമുള്ള  പ്രതിഷേധം എന്ന നിലയില്‍ മാഗസിനില്‍ കുത്തി നിറച്ചിരിക്കുന്നത് പച്ചയായ അശ്ലീലവും വികല ചിന്തകളുമാണെന്ന ആക്ഷേപം ശക്തമാവുകയാണ്. പ്രതിഷേധിക്കാന്‍ മാന്യമായ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കേയാണ് ഇത്തരം വികലമായ പ്രതിഷേധം എസ്എഫ്‌ഐ നടത്തിയത്.

പെല്ലറ്റിന്‍ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനില്‍ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അധിക്ഷേപിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. തീയറ്ററില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ചാണ് ഇവര്‍ ദേശീയഗാനത്തെ അപമാനിച്ചത് എന്നാണ് ആരോപണം.സുപ്രീം കോടതി ഉത്തരവ് പ്രകാരം തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിന് എതിരായ പ്രതിഷേധം എന്ന നിലയിലാണ് മാഗസിനിലെ ചിത്രീകരണം. എന്നാല്‍, അതിന് വേണ്ടി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ തികഞ്ഞ അശ്ലീലമാണ്. സിനിമ തീയറ്ററില്‍ കസേര വിട്ടെഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം എന്ന കുറിപ്പോടെ ഒഴിഞ്ഞ കസേരകള്‍ക്ക് പിന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രണ്ടു പേരുടെ ചിത്രമാണ് മാഗസിനില്‍ ഉള്ളത്.

സ്ക്രീനില്‍ ദേശീയ പതാക കാണിക്കുമ്പോള്‍, ദേശീയ ഗാനം ആലപിക്കുമ്പോള്‍ തിയറ്ററുകളില്‍ നടത്തേണ്ടത് ലൈംഗിക ബന്ധമാണെന്ന സൂചനയാണ് ഇതിലൂടെ എസ്എഫ്‌ഐ നല്‍കുന്നതെന്നാണ് ആരോപണം. ഇവിടം കൊണ്ടും മാഗസിനിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പ്രതിഷേധിക്കാന്‍ വേണ്ടി വരച്ചുവെച്ചത് പലതും ലൈംഗിക ബിംബങ്ങളാണ്. ലിംഗവും സ്ത്രീ നഗ്‌നതയും മാഗസിനില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു. മാഗസിന്റെ ചിലഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായത്.

എസ്എഫ്‌ഐ പുറത്തിറക്കിയ മാഗസിന്റെ പ്രധാന വിമര്‍ശനം കേന്ദ്രസര്‍ക്കാറിനോടും ബിജെപിയോടുമാണ്. സദാചാര പൊലീസിംഗിന് എതിരെയും ശക്തമായ പ്രതിഷേധം മാഗസിന്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്ന ആരോപണവും ശക്തമാണ്. സി.പി.എം പ്രവര്‍ത്തകര്‍ തന്നെ സദാചാര ഗുണ്ടായിസ സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ധാരാളം സംഭവങ്ങളുണ്ട്. ഇതാണ് അവസ്ഥയെന്നിരിക്കേയാണ് എസ്എഫ്‌ഐയുടെ അതിരുകടന്ന പ്രതിഷേധങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഇതിനെതിരെ പലരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിട്ടുണ്ട്.

Related posts