കാറും സ്വര്‍ണവും കൈമാറി കല്യാണം ഉറപ്പിച്ചു; കല്യാണ മണ്ഡപത്തിലെത്തിയപ്പോള്‍ ‘ഒരു കോടി രൂപ’ കൂടി വേണമെന്ന് വരനും കൂട്ടരും;ഒടുവില്‍ സഹികെട്ട് വധു ചെയ്തത്…

കോട്ട: വന്‍തോതില്‍ പണവും സ്വര്‍ണവും കാറും കൈമാറിയാണ് ഡോക്ടര്‍ പയ്യനുമായി ദന്തഡോക്ടറായ മകളുടെ വിവാഹം ഉറപ്പിച്ചത്. പക്ഷെ കല്യാണദിവസം രാവിലെ വരനും കൂട്ടരും വന്നത് പുതിയ ഒരു ഡിമാന്‍ഡുമായാണ്. ഇനിയും ഒരു കോടി രൂപ കൂടി സ്ത്രീധനമായി നല്‍കിയാലേ പെണ്ണിനെ കെട്ടൂ എന്ന് വരന്‍ കട്ടായം പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രഫസറുടെ മകളായ വധു ഇതു കേട്ട് ഒന്നു ഞെട്ടിയെങ്കിലും പതറിയില്ല. പോയി പണിനോക്കാന്‍ പറഞ്ഞ് ചങ്കൂറ്റത്തോടെ വിവാഹത്തില്‍നിന്നു പിന്മാറിയതോടെ വരനും കൂട്ടരും ഇളിഭ്യരായി.

കോട്ട മെഡിക്കല്‍ കോളജിലെ സീനിയര്‍ പ്രഫസര്‍ ഡോ. അനില്‍ സക്‌സേനയുടെ മകള്‍ ഡോ. രാശിയാണ് വരനോടു ഫോണിലൂടെ പ്രതിഷേധമറിയിച്ചു വിവാഹത്തില്‍നിന്നു പിന്മാറിയത്. യുപിയിലെ മൊറാദാബാദിലുള്ള മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ വരനും അയാളുടെ ബന്ധുക്കള്‍ക്കുമെതിരെ നയാപുര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ സദ്യ വിളമ്പി സല്‍കരിച്ചശേഷം മാത്രം വാര്‍ത്ത പുറത്തുവിട്ടു ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിക്കുകയും ചെയ്തു. വിവാഹം മുടങ്ങിയെങ്കിലും ഡോ. രാശിക്കിപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. പണത്തോടുള്ള ആര്‍ത്തിമൂത്തു സ്ത്രീധനം ചോദിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയല്ലേ ഈ ദന്തഡോക്ടര്‍ നല്‍കിയത്!

Related posts