ഓര്‍ക്കുന്നുണ്ടോ തേജ് ബഹദൂര്‍ എന്ന ജവാനെ! വീഡിയോയിലൂടെ അധികൃതരുടെ അഴിമതിയെയും പട്ടാളക്കാരുടെ യാതനകളെയും തുറന്നുകാട്ടിയ ആ ജവാന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെ

BSF ജവാന്മാര്‍ക്ക് നല്‍കുന്ന ആഹാരം നിലവാരമില്ലാത്തതാണെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്ന കുറ്റത്തില്‍ സര്‍വീസില്‍ നിന്ന് പുറത്തായ തേജ് ബഹദൂര്‍ യാദവ് എന്ന ജവാനെ പലരും മറന്നു കാണാനിടയില്ല. എന്നാല്‍ പിന്നീട് അയാളെപ്പറ്റി വിവരമൊന്നുമില്ലായിരുന്നു. അയാള്‍ മരിച്ചുപോയെന്ന വാര്‍ത്ത ഇടക്കാലത്ത് മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ആ വാര്‍ത്തയും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പട്ടാളത്തില്‍ നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ ഇപ്പോള്‍ ‘ഭൌജി ഏകതാ ന്യായ് കല്യാണ്‍ മഞ്ച്’ ( ജവാന്മാരുടെ ഐക്യവും നീതിയും നന്മയും ഉറപ്പാക്കുന്ന വേദി ) എന്ന ഒരു NGO നടത്തുകയാണ്.

അതില്‍ അവര്‍ ചെയ്യുന്നതിതൊക്കെയാണ്…ന്യായസംഗതമല്ലാത്ത വിഷയങ്ങളില്‍ ശിക്ഷ നേരിടേണ്ടി വരുന്ന ജവാന്മാര്‍ക്ക് നിയമപരമായും, സാമ്പത്തികമായും സഹായം നല്‍കുക, അകാരണത്താല്‍ ഉന്നതാധികാരികളില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടിവരുന്ന പട്ടാളക്കാര്‍ക്ക് നിയമസഹായം നല്‍കുക, പട്ടാളക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുക, അവരുടെ പ്രശ്‌നങ്ങള്‍ അതാതു വേദികളില്‍ ഉചിതമായ സമയത്തവതരിപ്പിക്കുക, തുടങ്ങിയ കാര്യങ്ങള്‍.

 

ഇതിനായി അദ്ദേഹം ആരംഭിച്ച ‘ഭൌജി ഏകതാ ന്യായ് കല്യാണ്‍ മഞ്ച്’ ( Fouji kta nyay kalyan manch) എന്ന ഒരു വെബ്‌സൈറ്റ് വഴിയും ആര്‍ക്കും വിവരങ്ങള്‍ ഗ്രഹിക്കാവുന്നതും സഹായം അഭ്യര്‍ഥിക്കാവുന്നതുമാണ്. തേജ് ബഹാദൂറിന് NGO യുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിരവധിയാളുകളുടെ നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടി ചെയ്യവേ തനിക്കു ലഭിച്ച നിലവാരമില്ലാത്ത ഭക്ഷണം കാട്ടി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹമിട്ട വീഡിയോ വൈറലാകുകയും കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിടുകയുമായിരുന്നു. സര്‍ക്കാര്‍ പട്ടാളക്കാര്‍ക്കായി ആഹാരസാധനങ്ങള്‍ ആവശ്യം പോലെ സപ്ലൈ ചെയ്യുന്നുണ്ട്.

എന്നാല്‍ അവയെല്ലാം ഉന്നത അധികാരികള്‍ ഇടപെട്ട് സ്റ്റോറുകളില്‍ നിന്ന് നേരിട്ട് കടകളില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും പട്ടാളക്കാര്‍ക്ക് ആഹാരം ലഭിക്കാറില്ല. ഒന്നും കഴിക്കാതെ രാത്രി ഉറങ്ങേണ്ട അവസ്ഥയും വന്നിട്ടുണ്ട്. എനിക്ക് തന്ന ബ്രേക്ക് ഫാസ്റ്റ് ആണിത്. ഒരു ചപ്പാത്തിയും ചായയും മാത്രം. അല്‍പ്പം അച്ചാര്‍ പോലുമില്ല. ഉച്ചക്ക് തരുന്ന ആഹാരത്തില്‍ ദാല്‍ (പരിപ്പ്കറി) മഞ്ഞളും ,ഉപ്പും മാത്രമാണ്. പരിപ്പ് പേരിനുപോലുമില്ല. ഞങ്ങള്‍ക്ക് വേണ്ടി കൊണ്ടുവരുന്ന ആഹാരസാധനങ്ങള്‍ എവിടെപ്പോകുകയാണ്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ മിക്ക ദിവസവും പട്ടിണിയിലാണ്. ഇതില്‍ കാര്യമായ അന്വേഷണം ഉണ്ടാകണം..’ ഇതായിരുന്നു വീഡിയോയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍.

ആ വീഡിയോ വൈറലാവുകയും പിന്നീട് അതേക്കുറിച്ച് അന്വേഷണം നടക്കുകയും, തേജ് ബഹാദൂറിനെ സ്റ്റോറിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇടയ്ക്കു അദ്ദേഹത്തെപ്പറ്റി വിവരമൊന്നുമില്ലാതായ്‌പ്പോള്‍ ഭാര്യ കോടതിയില്‍ പോയി, സത്യാഗ്രഹമിരുന്നു. കോടതിയിടപാടിലൂടെ ഭാര്യക്ക് തേജ് ബഹാദൂറിനെ കാണാന്‍ അവസരമൊരുങ്ങി. അന്വേഷണത്തില്‍ തേജ് ബഹാദൂര്‍ പറഞ്ഞതൊന്നും സത്യമല്ലെന്നും കള്ളമാണെന്നും അയാള്‍ കുറ്റക്കാരനാണെന്നും കണ്ടെത്തി അയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കി. അതിനുശേഷമാണ് അദ്ദേഹം ഈ NGO ആരംഭിക്കുന്നതും ഇപ്പോള്‍ അതിന്റെ മുഴുനീള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നതും. ഇതുകൂടാതെ യാദവ് സമുദായത്തിന്റെ നേതാവുകൂടിയാണിപ്പോള്‍ അദ്ദേഹം. ജനങ്ങളുടെയിടയില്‍ ആരാധനാപാത്രമായ അദ്ദേഹത്തിനു വലിയ ജനപിന്തുണയും ലഭ്യമാണ്. പട്ടാളത്തില്‍ നടക്കുന്ന അഴിമതികള്‍ തുറന്നുകാട്ടാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കുന്നുമില്ല.

പട്ടാളത്തില്‍ നമുക്ക് ലഭിക്കുന്ന ആഹാരം മോശമാണെന്ന് പരാതിപ്പെട്ടാല്‍ ഉടന്‍ അധികാരികള്‍ ഇടപെട്ടു പരാതിക്കാരനെ നിശബ്ദനാക്കുകയാണ് പതിവ്. മാതവുമല്ല അതിര്‍ത്തിയിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ സിവില്‍ ഏജന്‍സികള്‍ ഒരിക്കലും പോകാറില്ല. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളൊന്നും പുറംലോകമറിയുന്നുമില്ല. ഇനി അഥവാ ധൈര്യപൂര്‍വ്വം ആരെങ്കിലും പരാതിപ്പെട്ടാല്‍ അയാളെ പോസ്റ്റില്‍ നിന്ന് മാറ്റി ‘കോര്‍സിനു’ (course) പറഞ്ഞയക്കുകയാണ് പതിവ്. ഇങ്ങനെ കോര്‍സിനു വിട്ടാല്‍ അതിന്റെ കാലാവധി തീരുംവരെയുള്ള മുഴുവന്‍ ചെലവുകളും ജവാന്‍മാര്‍ സ്വന്തം പോക്കറ്റില്‍ നിന്നാണ് വഹിക്കേണ്ടി വരുക. ഇത് ഭയന്നാണ് ആരും ഒന്നിനും പരാതിപ്പെടാത്തതും ഒക്കെ നിശബ്ദം സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നതും എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. ഏതായാലും ലോകം മുഴുവനിലുമുള്ളവര്‍ക്ക്, പ്രത്യേകിച്ച്, രാജ്യത്തെ സേവിക്കുന്ന ജവാന്മാര്‍ക്ക് ഇദ്ദേഹത്തിന്റെ ജീവിതം ഒരു മാതൃക തന്നെയാണ് നല്‍കുന്നത്.

 

Related posts