മലയാളി ഡാ; ബംഗളുരുവില്‍ ഒരേദിവസം അറസ്റ്റിലായത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച നൃത്താധ്യാപകനും പള്ളി കവര്‍ച്ചക്കാരും; ഇരു കൂട്ടരും മലയാളികള്‍

DANCE600ബംഗളുരു: ലോകത്തെവിടെ പോയാലും മലയാളികളെ കാണാമെന്നാണ് പൊതുവെ പറയുന്നത്. എന്നിരുന്നാലും ഇന്ത്യയിലെവിടെ പോയാലും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളെ കാണാം. നല്ല തൊഴിലുകള്‍ മാത്രമല്ല പലയിടങ്ങളിലും പുറത്തുപറയാന്‍ കൊള്ളാത്ത തൊഴിലുകള്‍ ചെയ്തു ജീവിക്കുന്ന മലയാളികളുമുണ്ട്. ഇത്തരത്തില്‍ മലയാളികളുടെ പേരുകളഞ്ഞ ചിലരെയാണ് കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നിന്ന് അറസ്റ്റു ചെയ്തത്.

ആദ്യത്തെയാള്‍ ക്രിസ്റ്റി. എയറോബിക് ഡാന്‍സ് പഠിക്കാനെത്തിയ 23കാരിയെ പീഡിപ്പിച്ചുവെന്നാണ് ക്രിസ്റ്റിയുടെ പേരിലുള്ള ആരോപണം. ഇരുപത്തിമൂന്നു വയസുകാരിയായ നൃത്തവിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനാണ് ക്രിസ്റ്റി എന്ന ക്രിസ്റ്റഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ക്രിസ്റ്റി. 2014ല്‍ ഇവിടെ നൃത്തം പഠിക്കാനെത്തിയ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ക്രിസ്റ്റിയുടെ സ്ഥാപനത്തിനു പുറത്തുള്ള ബോര്‍ഡ് കണ്ടാണ് യുവതി ഇവിടെയെത്തിയത്. പഠനവും ആരംഭിച്ചു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ അടുപ്പമായി. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് ക്രിസ്റ്റി യുവതിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേയെന്നു പറഞ്ഞ് ക്രിസ്റ്റി വാഗ്ദാനത്തില്‍ നിന്നും നൈസായി ഊരി. ഇതോടെയാണു യുവതി പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ആവശ്യം നിരാകരിക്കുകയും അവഗണിക്കുകയും തുടങ്ങിയതോടെ പരാതിയില്‍ നടപടി വേണമെന്നു കാട്ടി യുവതി വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ക്രിസ്റ്റിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേ ദിവസം തന്നെയാണ് കൊച്ചി,കണ്ണൂര്‍ സ്വദേശികളായ രണ്ടു പേരും ഒരു തമിഴനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും പള്ളികള്‍ കൊള്ളയടിച്ചതിന് ബംഗളുരുവില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് വിദേശ കറന്‍സികളടക്കം 40 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.കൊച്ചി സ്വദേശി സൂര്യ എന്ന അലക്‌സ് (29), കണ്ണൂര്‍ സ്വദേശി സുജി എന്ന സുജോയ് (35) എന്നിവരാണ് പിടിയിലായത്. മധുര സ്വദേശി ജയപ്രകാശ് എന്ന ജെപിയാണു പിടിയിലായ തമിഴ്‌നാട്ടുകാരന്‍. മൂവരും മുമ്പു ഭവനഭേദനക്കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയാണു പള്ളികളില്‍ കവര്‍ച്ച നടത്തിയത്.

Related posts