പാലം പണിയുകയാണെന്ന് ആപ്പ് അറിഞ്ഞില്ല! ഗൂഗിള്‍ മാപ്പ് നോക്കി രാത്രിയില്‍ സഞ്ചരിച്ച മൂവര്‍ സംഘം കാറോടെ കിടങ്ങില്‍ പതിച്ചു; സംഭവമിങ്ങനെ…

സാങ്കേതിക വിദ്യകള്‍ വളരെയധികം വികസിച്ചിരിക്കുന്ന അവസരത്തില്‍ ആളുകള്‍ക്കുണ്ടായ മറ്റൊരു നേട്ടമാണ് ഗൂഗിള്‍ മാപ്പ് നോക്കി വഴി കണ്ടെത്താം എന്നത്. എത്ര ദൂര യാത്രയാണ് പോകുന്നതെങ്കിലും ഗൂഗിളിന്റെ സഹായത്തോടെ ആളുകളോട് സഹായം തേടാതെ ലക്ഷ്യത്തിലെത്താം. എന്നാല്‍ ചില അവസരങ്ങളില്‍ ഗൂഗിള്‍ മാപ്പിനും വഴി തെറ്റാറുണ്ട്. അതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ട്രോളുകള്‍ ഇടാറുമുണ്ട്.

സമാനമായ രീതിയില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്, ഗൂഗിള്‍ മാപ്പ് നോക്കി പോയി കിടങ്ങില്‍ വീണ കാറുകാരുടെ അനുഭവമാണ്. സംഭവമിങ്ങനെ…

പാലമറ്റം – നേര്യമംഗലം റോഡിലെ ചാരുപാറയില്‍ പുതുക്കിപ്പണിയാന്‍ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങിലാണ് മൂന്നംഗ വിനോദയാത്രാസംഘം വീണത്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നു മൂന്നാറിലേക്കു പോയ ഇസഹാക്ക്, മുസ്തഫ, ഗോകുല്‍ എന്നിവരാണു വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ അപകടത്തില്‍പ്പെട്ടത്. 30 അടിയിലേറെ താഴ്ചയില്‍ കുഴിച്ചിരുന്ന കുഴിയില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറില്‍ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളില്‍ 2 പേര്‍ നീന്തി കരകയറി.

നീന്തല്‍ അറിയാത്ത ഗോകുല്‍ മുങ്ങിയ കാറിന്റെ മുകളില്‍ കയറിയാണു രക്ഷപ്പെട്ടത്. കൂരിരുട്ടില്‍ എന്താണു സംഭവിച്ചതെന്നറിയാതെ 10 മിനിറ്റോളം തോട്ടില്‍ കഴിച്ചുകൂട്ടിയ യുവാക്കളെ പിന്നീട് പോത്തുപാറ റബര്‍ ഫാക്ടറിയില്‍ നിന്നും രാത്രി ഷിഫ്റ്റ് കഴിഞ്ഞെത്തിയ തൊഴിലാളികളാണു രക്ഷപെടുത്തിയത്. പൊളിച്ച പാലത്തിന്റെ സമീപത്തു ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ താല്‍ക്കാലിക റോഡു പണിതീര്‍ത്തിട്ടുണ്ടെങ്കിലും റോഡിനു കുറുകെ അപകടക്കെണിയായി കുഴിച്ചിട്ടുള്ള വലിയ ഗര്‍ത്തത്തെ സംബന്ധിച്ച് മുന്നറിയിപ്പു ബോര്‍ഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല.

കിടങ്ങിനു തൊട്ടുമുന്‍പു റോഡിനു കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് റിബണ്‍ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന അപായസൂചന. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിള്‍ മാപ് നോക്കിയാണ് യുവാക്കള്‍ ഇതുവഴി എത്തിയത്. റോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിയാതെ വന്ന യുവാക്കള്‍ അബദ്ധത്തില്‍ കുഴിയില്‍ അകപ്പെടുകയായിരുന്നു.

Related posts