കൊടുങ്ങല്ലൂർ: കാറ്ററിംഗിന്റെ മറവിൽ ലഹരിവില്പന നടത്തിവന്ന രണ്ടുപേരെ കൊടുങ്ങല്ലൂർ പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ (33), മുനക്കൽ വീട്ടിൽ കുഞ്ഞു തസ്ലീം (30) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 7.15-ഓടെ എറിയാട് അബ്ദുള്ള റോഡിന് സമീപത്തുനിന്നാണ് ചുവന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 25,200 രൂപയും സഹിതം പ്രതികളെ പിടികൂടിയത്. പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
കാറ്ററിംഗ് ജോലിയുടെ മറവിൽ കൊടുങ്ങല്ലൂർ നഗരത്തിലെ കടകളിലെ ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ഫൈസലാണെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്.
