ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട വാര്‍ത്ത വോട്ടര്‍മാര്‍ കാണാതിരിക്കാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വൈദ്യുതി, കേബിള്‍ കണക്ഷനുകള്‍ വിച്ഛേദിക്കുന്നതായി ആരോപണം! കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓപ്പറേറ്റര്‍മാരുടെ വിശദീകരണവും

ആഭ്യന്തര വകുപ്പിന്റെയും പോലീസുദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ ഉണ്ടായതെന്ന് കരുതപ്പെടുന്ന ദുരഭിമാനക്കൊല കേരളത്തില്‍ ചര്‍ച്ചയാവുമ്പോള്‍, ഇതേ ദിവസം നടക്കുന്ന ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയായിരിക്കുന്നു.

വോട്ടെടുപ്പ് തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് കെവിന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത്. പിന്നീട് പ്രസ്തുത സംഭവത്തില്‍ പോലീസ് വരുത്തിയ വീഴ്ചയും പുറത്തായി. ഇതോടെ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നാകെ രംഗത്തെത്തിയതോടെ ഭരണപക്ഷം കുറ്റാരോപിതരായി.

എന്നാല്‍ ഇതെല്ലാം തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമോ എന്ന ആശങ്കയിലാണ് മുന്നണി നേതൃത്വം. മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് വോട്ടര്‍മാര്‍ക്കിടയില്‍ കളളപ്രചാരണം നടത്തുകയാണെന്ന് പറഞ്ഞ് ആദ്യം രക്ഷപെടാന്‍ സിപിഎം നോക്കിയെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട്, പ്രതിപ്പട്ടികയില്‍ സിപിഎം പ്രവര്‍ത്തകരുമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ചതോടെ ചെങ്ങന്നൂരില്‍ യുഡിഎഫും ബിജെപിയും വോട്ടര്‍മാര്‍ക്കിടയില്‍ ഈ വിഷയമുയര്‍ത്തി പ്രചാരണവും തുടങ്ങി.

വോട്ടര്‍മാര്‍ വാര്‍ത്ത കാണാതിരിക്കാന്‍ മണ്ഡലത്തില്‍ വ്യാപകമായി വൈദ്യുതി, കേബിള്‍ കണക്ഷനുകള്‍ ആസൂത്രിതമായി വിച്ഛേദിച്ചെന്ന ആരോപണവും ഉയര്‍ന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പലയിടത്തും ടിവി സംപ്രേഷണം തടസ്സപ്പെട്ടു. കെവിന്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച വാര്‍ത്ത ഉപതിരഞ്ഞെടുപ്പു ദിവസം വിവാദമായത് വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ കേബിള്‍ മുറിക്കുന്നതാണെന്നും ആരോപണം ഉയരുന്നുണ്ട്.

സംപ്രേഷണം മുടങ്ങിയ കാര്യം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. വിഷയം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നുണ്ട്. കേബിള്‍ കണക്ഷനുകള്‍ പലയിടത്തും മുറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Related posts