പഞ്ചസാരയില്‍ പുരട്ടിയ വിഷം! വടക്കാഞ്ചേരിയിലെ വീട്ടമ്മയെ പരോക്ഷമായി അധിക്ഷേപിച്ച് ചെറിയാന്‍ ഫിലിപ്പ്, സ്ത്രീവിരുദ്ധനായി മുദ്രകുത്തരുതെന്ന് മുന്‍കൂര്‍ ജാമ്യവും

CHERIANവടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദപരാമര്‍ശവുമായി ചെറിയാന്‍ ഫിലിപ്പും രംഗത്ത്. സിപിഎം തൃശൂര്‍ കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് പറഞ്ഞ വിവാദത്തിലായതിനുപിന്നാലെയാണ ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ പേരില്‍ തന്നെയാരും സ്ത്രീവിരുദ്ധനെന്ന് മുദ്രയടിക്കരുതെന്ന അഭ്യര്‍ഥനയോടെ അവസാനിക്കുന്ന കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ഒരു സ്ത്രീയുടെയും ജീവനും മാനവും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും മൗലിക കടമയാണ്. ബലാല്‍സംഗ വീരന്മാരെ അറേബിയന്‍ മാതൃകയില്‍ ശിക്ഷിക്കണം. എന്നാല്‍, വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സ്ത്രീകള്‍ അവരുടെ കെണിയില്‍ വീഴുന്ന പുരുഷന്മാര്‍ക്കെതിരെ സ്ത്രീ പീഡനത്തിന് പരാതി കൊടുത്തു ചതിക്കുന്ന പുരുഷ പീഡനത്തിനെതിരെയും കേസ് എടുക്കണം. പോലീസിന് പരാതി നല്‍കി മാനം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി പുരുഷന്മാരില്‍ നിന്നും പണം പിടുങ്ങുന്ന സ്ത്രീ തട്ടിപ്പുകാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണം. സ്ത്രീ പീഡനത്തിനെതിരെ എന്ന പോലെ പുരുഷപീഡനത്തിനെതിരെയും നിയമ നിര്‍മാണം നടത്തണം. ഈ പോസ്റ്റിന്റെ പേരില്‍ ദയവായി ആരും എന്നെ ഒരു സ്റ്റ്രീ വിരുദ്ധനായി മുദ്രയടിക്കരുതേ….

സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പ് വിവാദത്തിലകപ്പെടുന്നത് ഇത് ആദ്യമായല്ല. കോണ്‍ഗ്രസിലെ ചില വനിതകള്‍ ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി ചെയ്ത് സീറ്റു നേടിയിട്ടുണ്ട് എന്നായിരുന്നു മുന്‍പ് ഒരു പരാമര്‍ശം. അന്ന് സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ചെറിയാന്‍ സൈബര്‍ പ്രതിഷേധം നേരിട്ടിട്ടുണ്ട്. പുതിയ പോസ്റ്റും വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. പലരും കമന്റുകളുടെ രൂപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.

Related posts