രാജസ്ഥാനില്‍ വീണ്ടും ബാലവിവാഹം ! വിവാഹിതരായത് പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍;വീഡിയോ കാണാം…

രാജ്യത്ത് ബാലവിവാഹം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മൂന്ന് ശൈശവ വിവാഹ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതു വാര്‍ത്തയായതിനു പിന്നാലെ, രാജസ്ഥാനിലെ ഭില്‍വാരയില്‍ നിന്നുള്ള ബാലവിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരോധനം വകവയ്ക്കാതെയാണ് ഇത്തരം ചടങ്ങുകള്‍.

ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇത്തരം വിവാഹച്ചടങ്ങുകള്‍ നടക്കുന്നുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകരും മറ്റും തെളിവുകള്‍ സഹിതം വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭില്‍വാരയിലെ കോടി ശ്യാം ക്ഷേത്രത്തില്‍ ഡിസംബര്‍ ഏഴിനു നടന്ന രണ്ടു ബാലവിവാഹങ്ങള്‍ ഭരണകൂടം തടഞ്ഞിരുന്നു.

10 നും 12 നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികള്‍ പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചു നില്‍ക്കുന്നത് ഇപ്പോള്‍ പുറത്തുവന്ന വിഡിയോയില്‍ കാണാം.,

ചുറ്റും കൂടിനില്‍ക്കുന്ന സ്ത്രീകള്‍ അവരെ ഉപദേശിക്കുന്നതും ചടങ്ങുകള്‍ നടത്തുന്നതും കാണാം. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നും പോലും കുട്ടികള്‍ കാര്യമാക്കുന്നില്ല. അവര്‍ പരസ്പരം ചിരിക്കുകയും കളിക്കുകയും വഴക്കിടുകയുമൊക്കെയാണ്.

ബാലവിവാഹങ്ങള്‍ തടയാന്‍ 1929 സെപ്റ്റംബര്‍ 28 നാണ് ബ്രിട്ടിഷ് ഇന്ത്യയില്‍ നിയമം കൊണ്ടുവന്നത്. സര്‍ദാ ആക്ട് എന്നുകൂടി പേരുള്ള ഈ നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം 14 ഉം ആണ്‍കുട്ടികളുടേത് 18 ഉം ആക്കി.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നിയമം ഭേദഗതി ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആക്കി. 1978 ല്‍ വീണ്ടും ഭേദഗതി ചെയ്യുകയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ഉം ആണ്‍കുട്ടികളുടേത് 21 ഉം ആയി നിശ്ചയിക്കുകയും ചെയ്തു.

ശൈശവവിവാഹങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും, നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) യുടെ കണക്കനുസരിച്ച് , 2020ല്‍ ഇന്ത്യയില്‍ ബാല വിവാഹ കേസുകള്‍ 50 ശതമാനം വര്‍ധിച്ചതായി കാണുന്നു.

ശാരീരികവും മാനസികവും ബൗദ്ധികവും ആയ പക്വത എത്താത്തതിനാല്‍ത്തന്നെ ബാലവിവാഹം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍, ആത്മഹത്യ തുടങ്ങിയ ഒട്ടനവധി വിപത്തുകളിലേക്കാണ് ഇത്തരം വിവാഹങ്ങള്‍ കുട്ടികളെ എത്തിക്കുന്നത്.

Related posts

Leave a Comment