സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പീഡനത്തിനിരയാവുന്നുണ്ട്! പഠിക്കുന്ന സമയത്താണ് ആ സത്യം മനസിലാക്കുന്നത്; ഒന്‍പതാം വയസില്‍ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി MeToo കാമ്പയിനില്‍ ഗായിക ചിന്‍മയി

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ തുടക്കമിട്ടിരിക്കുന്ന ഒരു കാമ്പയിനാണ് MeToo എന്ന പേരില്‍ ഇപ്പോള്‍ മുന്നേറുന്നത്. ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള സ്ത്രീകളുടെ ഒരു തുറന്നുപറച്ചില്‍ എന്നരീതിയില്‍ കൂടിയാണ് ഈ കാമ്പയിന്‍ മുന്നോട്ടുപോവുന്നത്. പ്രമുഖരും പ്രശസ്തരുമുള്‍പ്പെടെ നിരവധി സ്ത്രീകള്‍ അന്യപുരുഷന്മാരില്‍ നിന്ന് പലപ്പോഴായി തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളവയെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തെന്നിന്ത്യന്‍ സംഗീതത്തിലെ ഏറ്റവും പ്രശസ്തയായ ഗായിക ചിന്മയിയാണ് സമാനമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ജീവിതത്തില്‍ ഇന്നോളം നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ വ്യക്തമാക്കുകയാണ് ഈ ഗായിക .ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളെ ഫെമിനിസ്റ്റുകളെന്ന് വിളിച്ച് കളിയാക്കുന്നവര്‍ക്കും ചുട്ടമറുപടി നല്‍കുകയാണ് ചിന്‍മയി. തെന്നിന്ത്യന്‍ സംഗീതത്തിലെ ഏറ്റവും പ്രശസ്തയായ ഗായികയാണ് ചിന്‍മയി. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ, ഒരു ദൈവം തന്ത പൂവേ എന്ന പാട്ടു പാടി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഗായികയാണ് ചിന്മയി.

ചിന്‍മയിയുടെ വാക്കുകള്‍ ഇങ്ങനെ…

എന്റെ എഫ്.ബി വാളിലെ, അല്ലെങ്കില്‍ എന്റെ എല്ലാ സുഹൃത്തുക്കളും എനിക്കറിയാവുന്ന എല്ലാ സ്ത്രീകളും ഏതെങ്കിലുമൊരു മുതിര്‍ന്ന ഏതെങ്കിലുമൊരാളുടെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടാകും. അത് ഒന്നുകില്‍ ഒരു അധ്യാപകനായിരിക്കും. അല്ലെങ്കില്‍ ഒരു അമ്മാവന്‍. ഇതൊക്കെ നമ്മുടെ രാജ്യത്തെക്കുറിച്ച്, നമ്മുടെ സമൂഹത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ എന്താണ്. (ദയവു ചെയ്ത് സംസ്‌കാരം എന്നതിന്റെ നരവംശ പദാവലി ഒന്ന് പരിശോധിക്കുക). കുട്ടിക്കാലത്ത് ബന്ധുക്കളുടെ ബലാത്സംഗത്തിന് ഇരയാവുകയും മരണഭയവും ജീവഭയവും കാരണം ഇതിനെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്ത ഒരുപാട് പേരെ എനിക്കറിയാം.

എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോഴാണ് എനിക്ക് ആദ്യമായി ഈ അനുഭവം ഉണ്ടായത്. ഒരു റെക്കോഡിങ് സ്റ്റുഡിയോയില്‍ കിടന്നുറങ്ങുകയായിരുന്നു ഞാന്‍. അമ്മ ഒരു കര്‍ണാടക സംഗീത ഡിക്ഷ്ണറിയുടെ ജോലിയിലായിരുന്നു. അപ്പോഴാണ് ഞാന്‍ എന്റെ ദേഹത്ത് ഒരു തണുത്ത കൈ എന്റെ ദേഹത്ത് ഞാന്‍ അറിയുന്നത്. ഒരിക്കലും എന്റെ ദേഹത്ത് തൊടാന്‍ അരുതാത്ത ഒരു കൈ. ദൈവതുല്ല്യനായ ഒരു മനുഷ്യനായിരുന്നു അത്. ഒരു സെലിബ്രിറ്റിയായ ആള്‍. എങ്കിലും ഞാന്‍ അപ്പോള്‍ തന്നെ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മ എന്നെ സമാധിനിപ്പിച്ച് ഇക്കാര്യം അയാളുടെ മേലധികാരിയെ അറിയിച്ചു. പ്രശ്‌നം കൈകാര്യം ചെയ്‌തോളാമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കുറുപ്പുണ്ട് ദൈവതുല്ല്യനായ അയാള്‍ ഇപ്പോള്‍ എവിടെയോ ഉയര്‍ന്ന ഒരു സ്ഥാനത്ത് വിരാജിക്കുന്നുണ്ടാവണം.

പിന്നീട് സ്‌കൂളില്‍. അവിടെ പുറത്തേയ്ക്ക് വരുമ്പോള്‍ കുട്ടികളെ കൈകാര്യം ചെയ്യുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു. ഇവര്‍ ഒരു തെരുവിലില്ലെങ്കില്‍ ഞങ്ങള്‍ സൈക്കിളില്‍ പോകുന്ന മറ്റൊരു തെരുവിലുണ്ടാവും. ഒരിക്കലും തിരിഞ്ഞുനോക്കാതിരിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നത്.

ഒരു വിഡ്ഢിയെ പോലെ ഞാന്‍ ധരിച്ചിരുന്നത് സ്ത്രീകള്‍ക്ക് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് എന്നായിരുന്നു. ജര്‍മന്‍ ക്ലാസിലെ ഒരു സഹപാഠിയാണ് ആണുങ്ങള്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാന്നുണ്ടെന്ന് പറഞ്ഞത്. ബീച്ചിനടുത്ത ബസന്ത് നഗര്‍ ഇത്തരം വൃത്തികെട്ട കിളവന്മാരുടെ ഒരു വിഹാരകേന്ദ്രമായിരുന്നു. ബസ്സുകളില്‍ ചെറിയ ആണ്‍കുട്ടികളെയും ഇവര്‍ കൈകാര്യം ചെയ്യാറുണ്ടത്രെ. പെണ്‍കുട്ടികള്‍ക്ക് കരഞ്ഞ് ബഹളം വയ്ക്കുകയും വൃത്തികെട്ട ആ കിളവനെ ബസ്സില്‍ നിന്ന് പുറന്തള്ളാനും കഴിയും. ആണ്‍കുട്ടികള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ?

നല്ല സ്പര്‍ശത്തെക്കുറിച്ചും ചീത്ത സ്പര്‍ശത്തെക്കുറിച്ചും പഠിപ്പിക്കണമെന്ന് മുതിര്‍ന്നവര്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ എത്രമാത്രം അപകടത്തിലാണെന്ന് എല്ലാവരും മറക്കുന്നു. ചെല്ലുന്നിടത്തെല്ലാം ഞാന്‍ ഇക്കാര്യം പറയാറുണ്ട്. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആണ്‍കുട്ടികളെക്കുറിച്ചും ചിന്തിക്കണമെന്ന് ഞാന്‍ പറയാറുണ്ട്.

എന്റെ എഫ്ബി പ്രൊഫൈലില്‍ എനിക്കറിയാവുന്ന എല്ലാ സ്ത്രീകളും ചില പുരുഷന്മാരും മീ റ്റു എന്ന് ഹാഷ്ടാഗിടുന്നുണ്ട്. ഒന്നോര്‍ത്തോളം മറ്റൊരു പുരുഷന്റെ പീഡനത്തിന് ഇരയാകേണ്ടിവന്നുവെന്ന് ഒരു പുരഷന്‍ പറയുക എന്നാല്‍ ചെറിയ കാര്യമല്ല. ചില്ലറ ധൈര്യം പോര അതിന്. സ്ത്രീകള്‍ക്ക് ഇനി പിന്തുണ ലഭിക്കും. പക്ഷേ, ആണുങ്ങള്‍ക്ക് അത് ലഭിക്കില്ല.

സാധാരണ ജനങ്ങളായി വേഷപ്രച്ഛന്നരായി നടക്കുന്ന ഒരുപാട് ബാലപീഡകരും ലൈംഗിക വൈകൃതക്കാരും നമുക്കിടയിലുണ്ട്. ഇവരെല്ലാം സാധാരണ കുടുംബ പശ്ചാത്തലത്തിലുള്ളവരാണ്. ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിനെക്കുറിച്ചും മുന്‍കരുതല്‍ എടുക്കേണ്ടതിനെക്കുറിച്ചും പറയുമ്പോഴെല്ലാം നമ്മള്‍ ഇന്ത്യന്‍ സംസ്‌കാരം എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.

പെണ്ണുങ്ങള്‍ ഇത് അനുഭവിച്ചുകൊണ്ടേയിരിക്കണം. എന്നിട്ട് മുള്ളു സാരിയില്‍ വീണാലും സാരി മുള്ളില്‍ വീണാലും കോട്ടം സാരിക്കാണെന്ന ചൊല്ല് നാണംകെട്ട് കേട്ടുകൊണ്ടിരിക്കുകയും വേണം. ഒരാളും ഇതുമായി മുന്നോട്ടുപോയിട്ടില്ല. ആരും ആ മുള്ളു കത്തിച്ചുകളയണമെന്നോ സാരി കീറിക്കളയണമെന്നോ ഷര്‍ട്ടും സ്‌കേര്‍ട്ടും ( എന്തായാലും അഞ്ച് മീറ്റര്‍ നീളമുണ്ടാകുമല്ലോ) ധരിക്കണമെന്നോ പറഞ്ഞില്ല.

തലമുതല്‍ പാദം വരെ മൂടിയാലും സ്ത്രീകള്‍ക്ക് ബസ്സിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കണം. ആണുങ്ങള്‍ മോങ്ങിക്കൊണ്ടിരിക്കുന്ന ഫെമിനിസ്റ്റുകളെന്ന് വിശേഷിപ്പിച്ചുകൊണ്ടുമിരിക്കും. ട്വിറ്ററില്‍ വിളയാടുന്ന ഇവരാണ് സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സ്ത്രീകളെ അധിക്ഷപിക്കുന്നത്. നിങ്ങള്‍ എത്ര പുരുഷന്മാര്‍ക്കൊപ്പം ശയിച്ചിട്ടുണ്ടെന്ന് തിരിച്ചു ചോദിച്ച് അവരെ നാണംകെടുത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.

എനിക്ക് രക്ഷിതാക്കളോട് ഒരു കാര്യമേ പറയാനുള്ളൂ. നിങ്ങളള്‍ ചെയ്യേണ്ടത് കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളര്‍ന്നുവരാനുള്ള ഒരു സാഹചര്യം ഒരുക്കുകയാണ്. കുടുംബത്തിലെ ബാലപീഡകരെയും ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്നവരെയും പുറത്താക്കുന്നതില്‍ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല.

ദയവു ചെയ്ത് ഇനിയെങ്കിലും എല്ലാവരും സംസാരിച്ചു തുടങ്ങണം. നമ്മുടെ കുട്ടികളെയെങ്കിലും നമുക്ക് രക്ഷിക്കാം. ഈ തലമുറയില്‍ നിന്നെങ്കിലും നമുക്ക് അവരെ രക്ഷിക്കാം. ഈ അഴുക്ക് നമുക്ക് കളയാം. ഇത് കുട്ടികളോടുള്ള നമ്മുടെ ബാധ്യതയാണ്.

 

 

 

Related posts