വിധി ചന്ദ്രികയോട് നീതി കാണിച്ചു! അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരതയ്ക്കിരയായ മധുവിന്റെ സഹോദരി ഇനി സിവില്‍ പോലീസ് ഓഫീസര്‍; ചന്ദ്രിക റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്, മധു കൊല്ലപ്പെട്ട് ഒരു മാസം തികയുന്ന ദിവസം

അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനോട് വിധി കാണിച്ച ക്രൂരത അദ്ദേഹത്തിന്റെ സഹോദരിയെയും കുടുംബത്തെയും പിന്തുടരുന്നില്ല എന്നുവേണം കരുതാന്‍. കാരണം, ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ചന്ദ്രിക ഇപ്പോഴിതാ പോലീസ് സേനയുടെ ഭാഗമാകാന്‍ പോവുന്നു. മധുവിന്റെ ഇളയ സഹോദരിയാണ് ചന്ദ്രിക. പിഎസ്സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് ചന്ദ്രികയും ഇടംപിടിച്ചിരിക്കുന്നത്.

പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പോലീസ് ഓഫീസറുടെ പട്ടികയിലാണ് ചന്ദ്രിക അഞ്ചാം റാങ്ക് നേടിയിരിക്കുന്നത്. നിലവില്‍ ഇവിടെ അഞ്ചു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ചന്ദ്രികയ്ക്കു നിയമം ലഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മാനസികാസ്ഥമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് ആള്‍ക്കൂട്ടം കാട്ടില്‍ കയറി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടി അഗളിയില്‍ മധു കൊല്ലപ്പെട്ടത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മധുവിന്റെ അന്ത്യം. പോലീസിലേയ്ക്കുള്ള അഭിമുഖത്തിനുള്ള ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ചന്ദ്രിക മധുവിന്റെ മരണം അറിയുന്നത്. തുടര്‍ന്നു നടപടികള്‍ വേഗത്തിലാക്കി ചന്ദ്രിക വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മധു കൊല്ലപ്പെട്ട് കൃത്യം ഒരു മാസം തികയുന്ന ദിവസമാണു ചന്ദ്രിക പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നതെന്നതും ശ്രദ്ധേയം.

 

Related posts