പാലാ: പള്ളിമൈതാനത്തെ ഗാനമേളയിൽ “പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന പാട്ട് പാടിയതു സ്റ്റേജിൽ കയറി തടസപ്പെടുത്തിയ ആളെ ഒാടിച്ച് പള്ളിക്കമ്മിറ്റി. തുടർന്ന് വികാരിയച്ചൻ തന്നെ രംഗത്തുവരികയും ഇടയ്ക്കുവച്ചു നിർത്തിയ പാട്ട് വീണ്ടും പാടിക്കുകയും ചെയ്തു. ഇതുകൂടാതെ മറ്റൊരു അയ്യപ്പഭക്തിഗാനം കൂടി പാടിച്ച ശേഷമാണ് ഗാനമേള അവസാനിപ്പിച്ചത്. പാലാ കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളി തിരുനാളിന്റെ ഭാഗമായി നടന്ന ഗാനമേളയാണ് തടസപ്പെടുത്താൻ ശ്രമിച്ചത്.
അതേസമയം, ഈ നാട്ടിൽ ഉള്ള ആളല്ലെന്നും പുറത്തുനിന്നെത്തിയ ഒരാളാണ് ഗാനമേള തടസപ്പെടുത്തിയതെന്നും പള്ളിക്കമ്മറ്റിക്കാർ പറഞ്ഞു. ഗാനമേളയ്ക്ക് ഇടയ്ക്കു സ്റ്റേജിൽ കയറി തടസപ്പെടുത്തിയതോടെ പള്ളിക്കമ്മിറ്റിക്കാർ ഇദ്ദേഹത്തെ ബലമായി സ്റ്റേജിൽനിന്നു പുറത്തിറക്കി പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് വികാരിയച്ചൻ നിർദേശച്ചതോടെ അതേ പാട്ട് ആദ്യം മുതൽ വീണ്ടും പാടി. ഇതിനെ കാണികൾ വലിയ ആവേശത്തോടെയും ആർപ്പുവിളിയോടെയുമാണ് സ്വീകരിച്ചത്. ആലപ്പുഴയിൽനിന്നുള്ള ട്രൂപ് ആണ് ഗാനമേള നടത്തിയിരുന്നത്.
ഇതു മതമൈത്രിയുടെ നാടാണെന്നും ആരൊക്കെ അതു തകർക്കാൻ നോക്കിയാലും നടക്കില്ലെന്നും നാട്ടുകാരിൽ പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തു. പാലാ കിഴപറയാർ പള്ളിയിലെ തിരുനാൾ നാനാജാതി മതസ്ഥർ ഒന്നുചേർന്ന് ആഘോഷിക്കുന്നതാണ്. ഇത്തവണ പള്ളിയുടെ ശതാബ്ദിയോടനുബന്ധിച്ചു വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. നാനാജാതി മതസ്ഥരെ വീടുകളിലെത്തി പള്ളിയിലേക്കു വികാരിയച്ചനും കമ്മിറ്റിക്കാരും ക്ഷണിച്ചിരുന്നു. ഇങ്ങനെ നാടൊന്നാകെ ചേർന്നു നടത്തുന്ന പരിപാടിയാണ് പാട്ടിന്റെ പേരിൽ ചിലർ തടസപ്പെടുത്താൻ നോക്കിയത്.
