ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പേര് വന്ന കഥയുടെ പേരില്‍ തര്‍ക്കം മുറുകുന്നു, ടീച്ചറുടെ പേര് അടിച്ചുമാറ്റിയെന്ന് ഒരുകൂട്ടര്‍, തോന്ന്യവാസം പറയല്ലേ അനുകൂലികള്‍, പോരു മുറുകുന്നത് ഇങ്ങനെ

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച അഭിപ്രായത്തോടെ തിയറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ്. കോമഡിയും റൊമാന്‍സും നിറഞ്ഞ ചിത്രം ആദ്യദിനം തന്നെ ആരാധകര്‍ ഏറ്റെടുത്തു. തിയറ്ററില്‍ നിറസദസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ ഒരു വിവാദവും തലപൊക്കിയിട്ടുണ്ട്. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് വിവാദം.

എഴുത്തുകാരിയായ ചന്ദ്രമതി ടീച്ചര്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും മോചനം നേടിയ അനുഭവത്തെക്കുറിച്ച് വിവരിച്ച് ചന്ദ്രമതി ടീച്ചര്‍ എഴുതിയ കഥയുടെ പേരാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അസുഖമാണെന്നറിഞ്ഞപ്പോള്‍ മുതലുള്ള ജീവിതമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പെടെ ടീച്ചര്‍ അന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പേര് അതേപടി കോപ്പിയടിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍ ചെയ്തതെന്നാണ് ഉയരുന്ന ആക്ഷേപം.

ഈ പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വീഡിയോയില്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നായികയായ അഹാന പറയുന്നൊരു ഡയലോഗുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ആ പേരിനൊരു തന്നെ ഒരു വെയിറ്റില്ലേ. വെയിറ്റൊക്കെ ആവാം. അത് എവിടെ നിന്നു വന്നുവെന്ന് കൂടി വ്യക്തമാക്കാമായിരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അല്‍ത്താഫ് സലീമാണ് ചിത്രത്തിന്റെ സംവിധായകന്‍. പേരിന്റെ പേരിലുള്ള തര്‍ക്കം സിനിമയ്ക്കു കൂടുതല്‍ മൈലേജ് നല്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related posts