തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി സുമിത് അമർപാൽ പൻവീർ ആണ് പിടിയിലായത്.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് സിഐഎസ്എഫ് എസ്ഐ സുമിതിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈ വിമാനത്താവളത്തിൽ ജോലിനോക്കുന്ന കാലയളവിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സമീപകാലത്താണ് സുമിത് അമർപാൽ പൻവീർ സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തെത്തിയത്. ഇതിനിടെ പ്രതി മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്ന് ഇവർ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ വലിയതുറ പോലീസിലും തുടർന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ മാർഗം മുംബൈയിലേക്കു കൊണ്ടുപോയി.
