വിശന്ന് വലഞ്ഞ് വരുന്ന മകന് ചോറു നല്‍കിയശേഷം അമ്മ ആ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഇടുമോ? പത്ത് രൂപ സഹായം കൊടുത്ത് പത്ത് ലക്ഷത്തിന്റെ ഫ്‌ളക്‌സടിക്കുന്നവരെ ട്രോളി കളക്ടര്‍ ബ്രോ

ദുരിതാശ്വാസ ക്യാംപില്‍ സഹായം നല്‍കി അത് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുന്നവര്‍ അല്‍പന്‍മാരാണെന്ന് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. സഹായം വാങ്ങുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കേണ്ടി വരാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ഓര്‍മ വേണമെന്നും കളക്ടര്‍ ബ്രോ പറഞ്ഞു. ട്രിച്ചൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രളയക്കെടുതി ചര്‍ച്ചയിലാണ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം നല്‍കുന്നത് നല്ലകാര്യം. പക്ഷേ, ക്യാംപിലുള്ളവരെ അപമാനിക്കരുത്. അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യരുത്. വിശന്ന് വലഞ്ഞ് വരുന്ന മകന് ചോറു നല്‍കിയേശഷം അമ്മ ആ ഫൊട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഇടുമോ?. അങ്ങനെയിട്ടാല്‍ എന്താകും സ്ഥിതി?.

ഭക്ഷണം നല്‍കുന്ന അമ്മയെ ബഹുമാനിക്കൂ. ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം എത്തിക്കുന്നവരോടും ആ ബഹുമാനമുണ്ടാകും. പക്ഷേ, പത്തു രൂപയുടെ സഹായം ചെയ്ത് പത്തു ലക്ഷത്തിന്റെ ഫ്‌ളക്‌സ് അടിക്കരുത്. അങ്ങനെ, ഫ്‌ളക്‌സ് അടിക്കുന്ന നിരവധി പേരെ നാട്ടില്‍ കാണാനുണ്ട്. കളക്ടര്‍ ബ്രോ പറഞ്ഞു.

സഹായിക്കുമ്പോള്‍ മനസിന് ഒരു സന്തോഷം കിട്ടും. സഹായിക്കുന്നതിന്റെ ഫൊട്ടോ ഇടുമ്പോഴും ഒരു സന്തോഷമുണ്ടാകും. പക്ഷേ, ഈ രണ്ടു സന്തോഷങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. കേരളം പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍.

അങ്ങനെ, പുനനിര്‍മിതി ചിന്തിക്കുമ്പോള്‍ സഹായം വാങ്ങേണ്ടി വരുന്നവന്റെ അഭിമാനം സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. അക്കാര്യം ഓരോരുത്തരും ശ്രദ്ധിക്കണം. പ്രളയത്തിന്റെ വെള്ളം ഇറങ്ങി തുടങ്ങിയ ഉടനെ മലയാളി അവന്റെ ‘കൊണം’ കാണിക്കരുത്. പ്രശാന്ത് നായര്‍ കൂട്ടിച്ചേര്‍ത്തു.

Related posts