തമിഴ്‌സിനിമാ ലോകത്ത് വീണ്ടും ബോംബ് പൊട്ടിച്ച് ശ്രീ റെഡ്ഡി ! മുരുകദോസിനും ശ്രീകാന്തിനും പിന്നാലെ രാഘവ ലോറന്‍സിനും വഴങ്ങിക്കൊടുത്തെന്ന് നടി; അടുത്ത വെളിപ്പെടുത്തല്‍ മലയാളി താരങ്ങളെക്കുറിച്ച്

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തെലുങ്ക് സിനിമാലോകത്തെ ഇളക്കിമറിച്ച ശ്രീ റെഡ്ഡിയുടെ കഥകള്‍ ഇപ്പോള്‍ തമിഴ് സിനിമാലോകത്തെയും പിടിച്ചു കുലുക്കുകയാണ്. തെലുങ്കിലെ പല പ്രമുഖ നടന്മാര്‍ക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ച ശേഷം നടി ഇപ്പോള്‍ തമിഴ് സിനിമയെ ഉന്നം വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മുരുകദോസിന്റെയും നടന്‍ ശ്രീകാന്തിന്റെയും പേരുകള്‍ പുറത്തുവിട്ട ശ്രീറെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പുതിയ പേര് ‘പ്രേത സിനിമ’ കളുടെ തമ്പുരാനെന്ന് വിശേഷണമുള്ള രാഘവ ലോറന്‍സാണ്.

മുനിയും കാഞ്ചനയും പോലെയുള്ള വമ്പന്‍ ഹൊറര്‍ സിനിമകള്‍ ഒരുക്കിയ ലോറന്‍സ് ഹൈദരാബാദ് ഹോട്ടലില്‍ വെച്ച് ശാരീരികമായി ഉപയോഗിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. ഒരുപാട് കഷ്ടതകള്‍ തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറന്‍സ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനവും അടുപ്പവും തോന്നിയിരുന്നു. എന്നാല്‍ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ലോറന്‍സ് തന്റെ തനി സ്വഭാവം പുറത്തെടുത്തെന്നും താരം പറയുന്നു.

തെലുങ്ക്, തമിഴ് സിനിമാ ലോകത്തെ വിറപ്പിച്ച ശേഷം മലയാള സിനിമയെ നടി ലക്ഷ്യമിടുന്നതായാണ് സൂചന. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന്‍ വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് മലയാള സിനിമയിലെ പല പ്രമുഖരുടെയും ഉറക്കം കളയുന്നതായാണ് സൂചന. തമിഴ്ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരെ താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ചത്. തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എആര്‍ മുരുകദാസിനെതിരെയും നടന്‍ ശ്രീകാന്തിനെതിരേയും താരം ആരോപണവുമായി കഴിഞ്ഞയാഴ്ച രംഗത്ത് എത്തിയിരുന്നു.

ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ കണ്ടത് മുരുകദോസിന് ഓര്‍മ്മയുണ്ടോ എന്നായിരുന്നു താരം ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദോസിനെതിരായ 90 ശതമാനം തെളിവുകളും തന്റെ കൈയ്യില്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തി. ക്രിക്കറ്റ് ലീഗിനിടെ നടന്‍ ശ്രീകാന്തുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും നടി ആരോപിച്ചിരുന്നു. ഇപ്പോള്‍ ശ്രീറെഡ്ഡി എന്ന കൊടുങ്കാറ്റ് തൊട്ടടുത്തെത്തിയതിന്റെ ഭീതിയിലാണ് പല മലയാളി നടന്മാരും എന്നും വിവരമുണ്ട്.

Related posts