മാറ്റിക്കുത്തിയാല്‍ മാറ്റം കാണാമെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങി ! ടിപി മോഡലില്‍ വെട്ടിയും കുത്തിയും മരണാസന്നനാക്കി പാര്‍ട്ടിക്കാര്‍;സിപിഎം വിമതന്‍ സിഒടി നസീറിന്റെ നില അതീവ ഗുരുതരം…

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറില്‍ പാര്‍ട്ടി കണ്ടത് മറ്റൊരു ടിപി ചന്ദ്രശേഖരനെ. മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന ഭയം ഉണ്ടായതോടെ ടിപിയോടു ചെയ്തതിനു സമാനമായി നസീറിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കും മാരകമായി പരിക്കേറ്റ നസീറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ബെക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയ സ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡില്‍ വച്ചാണ് സംഭവം.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്‍’ ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു പ്രചാരണ വാക്യം. തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.

വികസനം മാത്രം പോര അക്രമരാഷ്ട്രമില്ലാത്ത ഒരു നാളെയും ഉണ്ടാകണമെന്ന ആശയത്തിലൂന്നിയായിരുന്നു പി. ജയരാജനെതിരേ നസീറിന്റെ പ്രചരണം. പല സന്നദ്ധ സംഘടനകളും നസീറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു.എന്നാല്‍ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നു. നേരത്തെ പാര്‍ട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പില്‍ നസീര്‍ മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീര്‍ സി.പി. എം ഭരിക്കുന്ന നഗരസഭയുമായും പാര്‍ട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്താകലിലും കലാശിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്ന നസീര്‍ പിന്നീടൊരിക്കല്‍ ഉമ്മന്‍ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞത് വന്‍വിവാദമായിരുന്നു. ഇതോടെ സി.പി.എമ്മിന്റെ മുഖ്യശത്രുക്കളിലൊരാളായി നസീര്‍മാറി. സിപിഎമ്മിനെതിരെ മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിരുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയതെന്ന് നസീറിന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. നസീറിനെ രക്ഷിക്കാന്‍ ചെന്ന നൗറിഫിനെ ബൈക്ക് കൊണ്ടു തട്ടി സമീപത്തെ ഓവുചാലില്‍ തെറിപ്പിച്ചു.

അടിയേറ്റ നസീര്‍ എഴുന്നേറ്റ് ഓടിയെങ്കിലും അക്രമികള്‍ വീണ്ടും പിന്തുടര്‍ന്ന് അടിച്ചു വീഴ്ത്തി. വീണ്ടും എഴുന്നേറ്റപ്പോള്‍ ബൈക്ക് കാലില്‍ കയറ്റിയെന്നും നൗറിഫ് പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം സ്ഥലംവിട്ടു. നസീറിനെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നേരത്തേ നസീറിനു നേരെ രണ്ടു തവണ സിപിഎം സംഘം അക്രമം നടത്തിയിരുന്നു. എന്നാല്‍ ആക്രമത്തില്‍ പങ്കില്ലെന്നാണ് സിപിഎം പറയുന്നത്.

Related posts