കോവിഡ് സംസ്ഥാനത്തെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും ! ഒരു ലക്ഷം പ്രവാസികളുടെ തൊഴില്‍ നഷ്ടമാക്കും; കൊറോണ കേരളത്തെ ദോഷകരമായി ബാധിക്കുന്നതിങ്ങനെ…

കോവിഡ് ബാധ ഒന്നേകാല്‍ ലക്ഷം മലയാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തല്‍. ഒരു ലക്ഷം പ്രവാസികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകും.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് കനത്ത തിരിച്ചടിയാവും. പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പ്രവാസികളില്‍ 20 ശതമാനം മടങ്ങിയാല്‍ പോലും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും.

സംസ്ഥാനത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ പ്രവാസികളില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണത്തിന്റെ 19 ശതമാനവും വരുന്നതാവട്ടെ കേരളത്തിലേക്കും.

ഇതില്‍ സൗദി അറേബ്യയ്ക്കാണ് ഒന്നാം സ്ഥാനം. 39 ശതമാനവും വരുന്നത് സൗദിയില്‍ നിന്നാണ്.

തൊട്ടു പിന്നിലുള്ളത് 23 ശതമാനവുമായി യുഎഇയും. മുമ്പ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു.

2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161 കോടിയുമായിരുന്നു പ്രവാസി വരുമാനം. 2018 ലെ കുടിയേറ്റ് സര്‍വേ പ്രകാരം 21 ലക്ഷമാണ് കേരളത്തിലെ പ്രവാസികളുടെ എണ്ണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 4,42,000 പേരാണ് നാട്ടിലേക്ക് എത്താന്‍ റജിസ്റ്റര്‍ ചെയ്തത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വര്‍ഷം എത്തിയത് 2,40,000 കോടി ആയിരുന്നു.

ഈ വര്‍ഷം കൊവിഡിന് മുന്‍പ് തന്നെ 2400 കോടി രൂപയുടെ കുറവുണ്ടായിരുന്നു. ഈ വര്‍ഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്.

ജനുവരി-ഫെബ്രുവരി മാസത്തില്‍ തന്നെ 2400കോടി രൂപ കുറഞ്ഞു. മാര്‍ച്ച്,എപ്രില്‍,മെയ് മാസത്തെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഇതിലും വലിയ കുറവുണ്ടാകുമെന്നുറപ്പാണ്.

Related posts

Leave a Comment